കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ് കിടക്കുന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് ഇടപെട്ട് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാതിരുന്നതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.
ആനയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആന വീണ കിണര്‍ കുടിവെള്ള സ്രോതസാണ്. ആനയെ കരയ്ക്ക് കയറ്റിയാലും കിണര്‍ വനംവകുപ്പ് വൃത്തിയാക്കി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ജെസിബി കൊണ്ടുവന്ന് മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ജെസിബി ഇവിടെയെത്തിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.
ഇതിനിടെ സ്വയം കിണറിടിച്ച് രക്ഷപെടാൻ ആന ശ്രമിക്കുന്നുണ്ട്. കിണറിന്റെ ഒരു ഭാഗം ആന കുത്തിയിടിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ആനയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.
മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതുപോലെ ആനയെ വെള്ളത്തിൽവച്ച് മയക്കുവെടി വയ്ക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശവാസികൾ പിരിഞ്ഞുപോകാൻ തയാറാകാതെ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.