നിലമ്പൂര്‍: ശക്തമായ മഴയില്‍ പുഴകളില്‍ ജലനിരപ്പ് കൂടുന്നതിനിടെ കരിമ്പുഴയുടെ രണ്ടു ഭാഗങ്ങളില്‍ കാട്ടാനകള്‍ ഒഴുക്കിൽപ്പെട്ടു. കരിമ്പുഴ മുറിച്ചുകടക്കുന്നതിനിടെ നെടുങ്കയത്തെ കയത്തില്‍ അകപ്പെട്ട കാട്ടാനക്കുട്ടികളെ കൂടെയുണ്ടായിരുന്ന കാട്ടാനകള്തന്നെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം.
നെടുങ്കയം ബാംഗ്ലാവിന്റെ ഭാഗത്തുനിന്ന് മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും കരിമ്പുഴ മുറിച്ചു കടക്കുകയായിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കിനിടെ കുട്ടിയാനകള്‍ ഒഴുക്കിൽപ്പെടുകയും കയത്തില്‍ അകപ്പെട്ടു. ഉടനെ മറ്റ് ആനകള്‍ ഏറെ സാഹസികമായി കുട്ടിയാനകളെ രക്ഷിക്കുകയായിരുന്നു.
കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. ആനക്കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ സജ്ജീകരണങ്ങളുമായി വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് കരിമ്പുഴയില്‍ പാലാങ്കര പാലത്തിനു സമീപം കാട്ടാന ഒഴുക്കില്‍പ്പെട്ടത്. അരമണിക്കൂറോളം പുഴയില്‍ കുടങ്ങിയ കാട്ടാന ഒടുവില്‍ സാഹസികമായി നീന്തി രക്ഷപ്പെട്ട് കാട്ടിലേക്കു കയറി പോയി. കാട്ടാന പുഴയില്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ ഒച്ചവച്ച് കാടുകയറ്റാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ആന സ്വയം രക്ഷപ്പെട്ടത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്താണ് കാട്ടാന പുഴയിലെ ഒഴുക്കില്‍പ്പെട്ടത്. രാത്രി തീറ്റ തേടി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ മോഴയാന കാട്ടിലേക്ക് മടങ്ങുന്നതിനായി കരിമ്പുഴ നീന്തികടക്കുന്പോൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങുകയായിരുന്നു.