പഴയന്നൂര്ന്മ ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ കൊമ്പന് ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു.
കോഴികളെ കണ്ടു കൊമ്പന് വിരണ്ടതോടെയാണിത്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പന് കോഴികളെ കണ്ടു വിരണ്ടത്.
ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്.
ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവന് കോഴികള് കൂട്ടത്തോടെ ആനകള്ക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു.
കോഴികള് അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടന് എന്ന ആന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
ഭയപ്പെട്ട ആനയുടെ പ്രകടനങ്ങള് കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവര്ത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയില് കയറ്റി മടക്കി വിടുകയായിരുന്നു.
പഴയന്നൂര് ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവന് കോഴികള്. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവന് കോഴിയുടെ രൂപത്തില് ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം.
വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂര് ക്ഷേത്രം പള്ളിപ്പുറം ക്ഷേത്രം എന്നാണറിയപ്പെട്ടിരുന്നത്. പെരുമ്പടപ്പു രാജാവ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയില് പുരാണപുരി ഭഗവതിയെ പ്രതിഷ്ഠിച്ചു.
ഉപദേവതയായ പുരാണപുരി ഭഗവതിക്കു പ്രാധാന്യമേറിയതോടെ നാടിനുണ്ടായ പുരാണപുരിയെന്ന പേരു മലയാളീകരിച്ചാണു പിന്നീടു പഴയന്നൂരായത്. ക്ഷേത്രം പഴയന്നൂര് ഭഗവതി ക്ഷേത്രമെന്നും അറിയപ്പെട്ടു.
കോഴി രൂപത്തില് ഭഗവതി എത്തിയതിനാല് പൂവന്കോഴിയെ നടയ്ക്കല് പറത്തുന്നതും കോഴിയെ ഊട്ടുന്നതും ഇവിടുത്തെ മുഖ്യ വഴിപാടായി.
കോഴി അമ്പലം എന്നും ഭക്തര് പറയാറുണ്ട്. അഞ്ഞൂറോളം കോഴികള് ക്ഷേത്രത്തിലും പരിസരത്തുമായി എപ്പോഴും കാണാം. ഭക്തരും ടൗണിലെ വ്യാപാരികളുമായൊക്കെ അമ്പലക്കോഴികള്ക്ക് അടുപ്പമേറെയാണ്.
എന്തായാലും ആനകളെ വരെ വിരട്ടുന്ന വില്ലാളിമാരാണ് ഇവിടുത്തെ കോഴികള് എന്നു ചുരുക്കം.