മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ, അബദ്ധത്തില്‍ കാട്ടാനക്കൂട്ടത്തില്‍ പെട്ടുപോയ നാലു വയസുകാരിയ്ക്ക് കാട്ടാന തന്നെ രക്ഷകനായ സംഭവമാണ് ഇപ്പോള്‍ കേള്‍ക്കുന്നവരില്‍ അത്ഭുതം ജനിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഗുരുമാര വനത്തിനുസമീപം വ്യാഴാഴ്ചയാണ് സംഭവം.
കാട്ടിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു നിതുഘോഷും ഭാര്യ തിത്‌ലിയും മകള്‍ അഹാനയും. കാടിനരികിലൂടെയുള്ള ദേശീയപാത 31-ലൂടെ സ്‌കൂട്ടറിലായിരുന്നു ഇവരുടെ യാത്ര. പെട്ടെന്ന് റോഡിനു കുറുകെ കാട്ടാനക്കൂട്ടത്തെ കണ്ടു. സ്‌കൂട്ടര്‍ നിര്‍ത്തിയ ഘോഷ് ആനക്കൂട്ടം കാടുകയറുന്നതുവരെ കാത്തുനിന്നു.
അവ പോയെന്നു കണ്ട് സ്‌കൂട്ടര്‍ മുന്നോട്ടെടുക്കവേ പെട്ടെന്ന് മറ്റൊരു കൂട്ടം ആനകള്‍ റോഡിലേക്കു കയറി. അവയെ ഇടിച്ചു ഇടിച്ചില്ലെന്ന അവസ്ഥയില്‍ പരിഭ്രാന്തനായി ഘോഷ് പെട്ടെന്ന് സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ മൂവരും റോഡില്‍ തെറിച്ചു വീണു. ഇതിനിടെ കൂട്ടത്തിലെ ഒരാന മുന്നോട്ടുവന്ന് അഹാനയെ കാലുകള്‍ക്കിടയിലാക്കി നിര്‍ത്തി. മറ്റാനകള്‍ റോഡ് മുറിച്ചുകടക്കുകയും ചെയ്തു.
ആനക്കൂട്ടത്തെ കണ്ട് സ്‌കൂട്ടറിനു പിറകില്‍ നിര്‍ത്തിയിട്ട ട്രക്കിന്റെ ഡ്രൈവര്‍ അപകടം മനസ്സിലാക്കുകയും ആനയെ പേടിപ്പിക്കാന്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന് കാട്ടാന പിന്‍വാങ്ങി. പെണ്‍കുട്ടി സുരക്ഷിതയായി അമ്മയുടെ പക്കലുമെത്തി.
സ്‌കൂട്ടറില്‍നിന്നു വീണ ഘോഷിനും ഭാര്യക്കും പരിക്കേറ്റു. ഇവരെ ട്രക്ക് ഡ്രൈവര്‍ ജല്‍പായ്ഗുഡിയിലെ ആശുപത്രിയിലാക്കുകയായിരുന്നു.