കാട്ടാക്കട : കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രത്തിൽ ആനകൾക്കായി ഒരു ആശുപത്രി ഒരുങ്ങുന്നു. അത്യാധുനിക സംവിധാനത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ആശുപത്രി.
ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികൾക്ക് ആനകളെ അടുത്തു കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാർക്കിനുള്ളിൽ ആനകളെ കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം, എക്സ്റെ, സ്കാനിംഗ്, പിസിആർ ലാബ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും.
ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ മൂന്നു പേരുടെ സേവനമാണുള്ളത്. ഉടൻ കൂടുതൽ ജീവനക്കാരോടുകൂടി ആശുപത്രി പൂർണ സജ്ജമാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
പാർക്കിലെ ആനകൾക്കു മാത്രമായിക്കും ആദ്യഘട്ടത്തിൽ ചികിത്സ നൽകുന്നത്. പിന്നീട് നാട്ടാനകൾക്കും ചികിത്സ ലഭ്യമാക്കും.
അഗസ്ത്യവന മേഖലയിലുള്ള കോട്ടൂർ കാപ്പുകാട് 2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്.
നെയ്യാർ ജലാശയത്തിനടുത്തുള്ള വനമേഖലയിൽ 175 ഹെക്ടർസ്ഥലത്തുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ 16 ആനകളാണ് ഇപ്പോഴുള്ളത്.