കാട് വെട്ടിത്തെളിക്കുന്നതിനിടയില് സ്ഥലത്തെത്തിയ കാട്ടാനയെക്കണ്ട് ഭയന്നോടി മരത്തില് കയറാന് ശ്രമിച്ച തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തൊഴിലാളിയെ വലിച്ച് താഴെയിട്ട് ആന ചവിട്ടിക്കൊല്ലുകയായിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് പരിധിയിലാണ് ഈ ദാരുണ സംഭവം.
അച്ചന്കോവില് ഗിരിജന് കോളനിയില് വിജേന്ദ്രനാ(36)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മണിയാര് അടുകുഴിയില് പ്ലാന്റേഷനില് കാട് തെളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിജേന്ദ്രനും മറ്റുരണ്ട് തൊഴിലാളികളും. ഈ സമയം കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
ആനയെക്കണ്ട് രക്ഷപ്പെടാനായി മൂന്നുപേരും അടുത്തു കണ്ട മരത്തില് കയറിയെങ്കിലും ഏറ്റവും ഒടുവിലായി കയറിയ വിജേന്ദ്രന് മരത്തിനു മുകളിലെത്തും മുമ്പുതന്നെ ആന വലിച്ച് താഴെയിട്ട് ചവിട്ടുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല് ആശുപത്രിയില് എത്തിച്ച മൃതദേഹം മോര്ച്ചറി സൗകര്യം ഇല്ലാത്തതിനാല് പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.