കൊടുമൺ: കുളിപ്പിക്കാൻ കൊണ്ടുപോയ ആന ബുള്ളറ്റിന്റെ ശബ്ദം കേട്ട് വിരണ്ടത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. അങ്ങാടിക്കൽ വടക്ക് മണക്കാട് ദേവിക്ഷേത്രത്തിന് സമീപം കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്.
മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളയ്ക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവേയാണ് ഇടഞ്ഞത്.
ഈ സമയം റോഡിലൂടെ പോയ ബുള്ളറ്റിന്റെ ശബ്ദം കേട്ടയുടനെയാണ് ആന വിരണ്ട് ഓടാൻ തുടങ്ങിയതെന്ന് പറയുന്നു. കോമാട്ട് മുക്ക് – മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി.
ആന ഇടഞ്ഞത് അറിയാതെ ചിലർ മുന്നിൽ വന്നുപെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഏറെ നേരം റോഡിൽ കൂടി ഓട്ടം തുടർന്നു.
ആനയെ തളയ്ക്കാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പറമ്പിൽ നിന്ന വാഴകൾ വെട്ടി പിണ്ടിയും മറ്റും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നൽകിയ വാഴപ്പിണ്ടി ആന ദൂരേക്ക് വലിച്ചെറിഞ്ഞു. വാഹന ഗതാഗതവും മണിക്കൂറോളം തടസപ്പെട്ടു. വിവരം അറിഞ്ഞ് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും എത്തിയിരുന്നു.
തടിച്ചുകൂടിയ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനയെ മെരുക്കാൻ കഴിഞ്ഞത്.
പാപ്പാൻമാർ ചേർന്ന് കയർ എറിഞ്ഞ് കുരുക്കിട്ട് ആനയുടെ കാലുകൾ ബന്ധിച്ച ശേഷം മറിച്ചിട്ടു. പിന്നീട് ചങ്ങല ഉപയോഗിച്ച് പറമ്പിലെ തേക്ക് മരത്തിൽ തളച്ചു.
ആന പിന്നീടാണ് ശാന്തനായത്. ഒരു കണ്ണിനു കാഴ്ചക്കുറവുണ്ടെങ്കിലും ആന പ്രശ്നക്കാരനല്ലെന്ന് പാപ്പാൻമാർ പറയുന്നു.