എരുമപ്പെട്ടി: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്പോൾ ആയുർവേദ മരുന്ന് വയറു നിറയെ കുടിച്ച് ആനയുടെ ക്രിസ്മസ് ആഘോഷം. ആയുർവേദ മരുന്ന് കുടിച്ച് ആനയ്ക്ക് മത്തുപിടിച്ചെന്നാണ് സൂചന. നെല്ലുവായിയിലാണ് ആന ആയുർവേദ മരുന്നുകൾ കുടിച്ചതും മരുന്നുകൾ നശിപ്പിച്ചതും.
നെല്ലുവായ് ശ്രീധന്വന്തരി ആയുർവേദ ആശുപത്രിയിലേക്കുള്ള മരുന്നുകളാണ് ആന കുടിച്ചത്. നെല്ലുവായിൽ നടത്താനിരുന്ന വയോജന ചികിത്സാ ക്യാന്പിലേക്കുള്ള മരുന്നുകളായിരുന്നു ഇത്. ഫാർമസിക്ക് സമീപത്താണ് ആനയെ തളച്ചിരുന്നത്.
ഫാർമസിയുടെ ജനലിന് പുറത്തുനിന്ന് അകത്തേക്ക് തുന്പിക്കൈ കടത്തിയാണ് ആന പണി പറ്റിച്ചത്. മരുന്നുകളുടെ മണം മൂക്കിലടിച്ചപ്പോഴാണ് ആന മരുന്നടിക്കാൻ എത്തിയതെന്നാണ് നിഗമനം. കുടിക്കിടെ പല മരുന്നുകളും പൊട്ടിയിട്ടുണ്ട്.
രാവിലെ ഫാർമസിയിലെത്തിയപ്പോഴാണ് മെഡിക്കൽ ക്യാന്പിന്റെ സംഘാടകർ മരുന്നുകളുടെ അവസ്ഥ കണ്ട് ഞെട്ടിയത്. ജനലിനരികെ ആനപ്പിണ്ടവും മറ്റും കണ്ടപ്പോഴാണ് കഥയിലെ കുടിയൻ ആനയാണെന്ന് മനസിലായത്. പക്ഷേ അപ്പോഴേക്കും പാപ്പാൻമാർ ആനയേയും കൊണ്ട് സ്ഥലം വിട്ടിരുന്നു. 25,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ച് മെഡിക്കൽ ക്യാന്പ് സംഘാടകർ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി.