വിൻഹോക്ക്: സിംഹക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി കുളത്തിലകപ്പെട്ട കാണ്ടാമൃഗത്തെ രക്ഷിക്കാൻ ഒരു കാട്ടാന നടത്തിയ ശ്രമം ആരിലും കരുണയുണർത്തുന്നതായി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഇതിന്റെ വീഡിയോ പതിനായിരങ്ങളാണു കണ്ടത്. നമീബിയയിലെ എറ്റോഷ നാഷണൽ പാർക്കിലായിരുന്നു ലോകശ്രദ്ധയാകർഷിച്ച ഈ രക്ഷാപ്രവർത്തനം.
കൊടും ചൂടിൽനിന്ന് ആശ്വാസം തേടി കുളത്തിലിറങ്ങിയതായിരുന്നു കാണ്ടാമൃഗം.
അതിനിടെ ചെളിയിൽ കാണ്ടാമൃഗം അകപ്പെട്ടു. രക്ഷപ്പെടാനായി ശ്രമിക്കുന്പോൾ സിംഹങ്ങൾ കൂട്ടത്തോടെ എത്തി കാണ്ടാമൃഗത്തെ ആക്രമിച്ചു. സാരമായി പരിക്കേറ്റ കാണ്ടാമൃഗം കുളത്തിൽനിന്നു കരകയറാൻ കഴിയാതെ അവശനിലയിലായി.
കുളത്തിൽ ജീവനുവേണ്ടിയുള്ള പോരാട്ടം കാണ്ടാമൃഗം നടത്തുമ്പോഴാണ് ഒരുകൂട്ടം ആനകൾ അവിടെയെത്തുന്നത്. ആനക്കൂട്ടത്തെ കണ്ട സിംഹങ്ങൾ സ്ഥലത്തുനിന്നു പിൻവാങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആനകളും അവിടെനിന്നു പോകുന്നു. പക്ഷേ, കൂട്ടത്തിലുള്ള ഒരു ആനയ്ക്കു കാണ്ടാമൃഗത്തെ ഉപേക്ഷിച്ചുപോകാൻ കഴിയുന്നില്ല.
ഈ ആന കാണ്ടാമൃഗത്തെ കരയ്ക്കുകയറ്റാൻ തീവ്രമായി പരിശ്രമിക്കുന്നു. പക്ഷേ, ശ്രമങ്ങൾ വിഫലമായി. ഒടുവിൽ മനസില്ലാമനസോടെ ആന പിൻവാങ്ങുന്നു. ഈസമയം, സിംഹങ്ങൾ വീണ്ടുമെത്തി കാണ്ടാമൃഗത്തെ ഭക്ഷണമാക്കുന്നു. ഭീകരമായ ആ കാഴ്ച ദൂരെ മാറിനിന്നു നിസഹായനായി ആന നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.