മാനന്തവാടി: ചാലിഗദ്ദയിലെ കര്‍ഷകനായ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാന്‍ വനദൗത്യസേനയുടെ ശ്രമം തുടരുന്നു. ദൗത്യത്തിന്റെ ആറാം ദിവസമായ ഇന്നു രാവിലെ കാട്ടിക്കുളത്തിനടുത്തുള്ള മാനിവയല്‍ വനത്തിലാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ദൗത്യസേനയിലെ മയക്കുവെടി വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ടീം ഈ ഭാഗത്തേക്കു തിരിച്ചിട്ടുണ്ട്. കാട്ടിക്കുളം-പനവല്ലി റോഡ് മുറിച്ചുകടന്നാണ് ആന മാനിവയല്‍ വനത്തില്‍ പ്രവേശിച്ചത്.
നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാര്ട്ടിന് ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി. ദിനേശ്കുമാര്‍, ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എ.പി. ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ഡി. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റ പ്രവര്‍ത്തനം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മയക്കുവെടി പ്രയോഗിക്കാവുന്ന വിധം വനത്തില്‍ ബേലൂര്‍ മോഴയെ ഒത്തുകിട്ടിയിരുന്നു. ഈ സമയം കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു മോഴ ഡാര്‍ട്ടിംഗ്(മയക്കുവെടി) ടീമിനു നേരേ ചീറിയടുത്തതാണ് മയക്കുവെടി വയ്ക്കുന്നതിനു തടസമായത്.
വെടി ഉതിര്‍ത്ത് ശബ്ദമുണ്ടാക്കി ഈ ആനയെ അകറ്റുന്നതിനിടെ ബേലൂര്‍ മോഴ ഉള്‍ക്കാട്ടില്‍ മറയുകയായുന്നു. ആനയെ പിടിക്കുന്നതിനു പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന് വനം ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.