പയ്യാവൂർ: കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ കണ്ണൂർ റൂറൽ പോലീസും വനം വകുപ്പും സംയുക്ത അന്വേഷണം തുടങ്ങി. കാഞ്ഞിരക്കൊല്ലി, ചിറ്റാരിമേഖലയിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഇന്നു പുലർച്ചെ തണ്ടർബോൾട്ട് ടീം കാഞ്ഞിരക്കൊല്ലി മേഖലയിൽ പട്രോളിംഗ് നടത്തി. ഇവർ പാടാംകവലയിൽ ക്യാമ്പ് ചെയ്യുകയാണ്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷി (58) നെ പരിക്കേറ്റ നിലയിൽ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നുദിവസം മുൻപു പരിക്കേറ്റ സുരേഷിനെ ചികിത്സ ആവശ്യമായി വന്നപ്പോഴാണ് ജനവാസ മേഖലയിലെത്തിക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചത്. സുരേഷ് 2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്.
ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ കോളനിയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. വീട്ടുകാർ നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി അടുത്ത കടയിൽനിന്നു പച്ചരി, തീപ്പെട്ടി, പപ്പടം, അച്ചാർ എന്നീ സാധനങ്ങൾ വാങ്ങിപ്പിച്ചു. ഒരാൾക്ക് സുഖമില്ല എന്നും ആശുപത്രിയിലെത്തിക്കാൻ പറ്റുമോ എന്നും ചോദിച്ചു. സുരേഷിനെ ചിറ്റാരിപുഴയോരത്ത് മരക്കൊമ്പുകൊണ്ടു കെട്ടിയ ഊഞ്ഞാലിൽ ചുമന്നാണ് ആദ്യം എത്തിച്ചത്. അവിടെനിന്ന് ചിറ്റാരിക്കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിൽ വലതു കാൽമുട്ടിൽ തുണികൊണ്ടുള്ള കെട്ടുമായി സുരേഷിനെ എത്തിക്കുകയായിരുന്നു.
സംഘത്തിലൊരാൾ സുരേഷിന്റെ പോക്കറ്റിൽ പണവും നിക്ഷേപിച്ചു. ആന ആക്രമിച്ചതാണെന്നും ചികിത്സ നൽകണമെന്നും പറഞ്ഞു. വീട്ടുകാർ വാർഡ് മെംബറോടും മറ്റുള്ളവരോടും വിവരം പറഞ്ഞു. പയ്യാവൂർ പോലീസ് ഏർപ്പാടാക്കിയ ആംബുലൻസിൽ രാത്രി 8.30ഓടെ ഇയാളെ പാടാംകവലയിൽ എത്തിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാക്കുകയായിരുന്നു. സുരേഷിനെ പ്രവേശിപ്പിച്ച കണ്ണൂർ മെഡിക്കല് കോളജിലും ചികിത്സിക്കുന്ന ഐസിയുവിനു മുന്നിലും മെഡിക്കൽ കോളജ് പരിസരത്തും കനത്ത പോലീസ് സുരക്ഷ തുടരുന്നു.