അതിരപ്പിള്ളി: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ചു. ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ കണ്ട ആനയെ ഇന്നു രാവിലെ ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് മയക്കുവെടി വച്ചത്. നാലുതവണവെടിവച്ചെങ്കിലും ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്.
പിൻകാലിൽ വെടിയേറ്റ കൊന്പൻ പരക്കം പാഞ്ഞെങ്കിലും പിന്നീട് ശാന്തനായി. ആന മയങ്ങിയതോടെ ഡോക്ടർമാർ ആനയുടെ മസ്തകത്തിലെ മുറിവിൽ മരുന്നുകൾ വച്ചു. മയക്കം മാറിയാൽ മറ്റ് ആനകളോടൊപ്പം ആനയെ കാട് കയറ്റാനാണ് വനപാലകരുടെയും ഡോക്ടർമാരുടെയും തീരുമാനം.
ഇന്നുരാവിലെ നാല് ആനകൾക്കൊപ്പമാണ് ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ പരിക്കേറ്റ ആനയെ ആദ്യം കണ്ടത്. മൂന്ന് കൊന്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവച്ചത്.
ഒരുഘട്ടത്തിൽ ദൗത്യസംഘത്തിനുനേരേ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. വെടിയേറ്റ കാട്ടാ നയെ നിയന്ത്രി ക്കാൻ കുങ്കിയാനകൾ സ്ഥലത്തുണ്ട്.കഴിഞ്ഞ ദിവസം പുഴയിലെ തുരുത്തിൽ കണ്ട കാട്ടാന ഡോക്ടർമാരുടെ സംഘം എത്തിയപ്പോൾ വനത്തിലേക്ക് കയറി പോയിരുന്നു.
പിന്നീട് ഇന്ന് രാവിലെയാണ് ഇ തിനെ കണ്ടതും മയക്കുവെടി വച്ചതും. ഈ മാസം 15നാണ് വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു സമീപം പുഴയുടെ തുരുത്തിൽ ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്നു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചിരുന്നു.