കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ… ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം. അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച 7 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റുമൊക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.
ആനപാർക്ക് എന്ന പുതിയ അനുഭവം
ആനകൾക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാർക്കായി വിഭാവനം ചെയ്തിരുന്നു. ശ്രീലങ്കൻ മാതൃകയിൽ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ആനസങ്കേതം ഒരുക്കുന്നത്. നെയ്യാറിലെ വെള്ളം കയറി കിടക്കുന്ന മനോഹരമായ ഈ ഭാഗം ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007ൽ. തുടർന്ന് മിന്നുവും ജയശ്രീയുമൊക്കെയായി ആനകൾ ഇവിടെ ഒന്നൊന്നായി എത്താൻ തുടങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കാപ്പുകാട്് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി.
കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളർത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങൾ നടത്തുക അതിലുപരി സഞ്ചാരികൾക്ക് ഇതൊക്കെ അനുഭവവേദ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത് തുറന്നത്. കേരളത്തിലെ ഏക ആനസംരക്ഷണ പാർക്ക് അങ്ങിനെ കാപ്പുകാടിന്റെ അഭിമാനവുമായി.
100 ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58 ഹെക്ടർ വിസ്തൃതിയുള്ള പാർക്ക് നിലവിൽ നവീകരിച്ച് വരികയുമാണ്. രണ്ടിൽ തുടങ്ങിയ പാർക്കിൽ ഇപ്പോൾ 12 പെൺവർഗത്തിനാണ് മുൻതൂക്കം.കേവലം മൂന്നര വയസുള്ള കുട്ടിക്കൊമ്പൻ മുതൽ 36 വയസ് പ്രായമുള്ള കാർത്തിക് വരെ.
2007ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് അമ്മുവും മിന്നയും മാത്രം. അന്നു മുതൽ ഇന്നു വരെ ആനകളെ പാർപ്പിക്കുന്നത് ചെറിയ കൂടുകളിലാണ്. ഇനി ഒരേക്കറോളം വലിപ്പമുള്ള വലിയ കൂടുകളിലേക്കു മാറുമെന്നതാണ് പ്രത്യേകത. മദപ്പാടുള്ള ആനകൾക്കു പോലും പുതിയ കേന്ദ്രത്തിൽ ചങ്ങല ഉണ്ടാവില്ല.
പത്തു വയസിനു താഴെ പ്രായമുള്ള 7കുട്ടിയാനകൾ ഉൾപ്പെടെ 15 ആനകൾ കേന്ദ്രത്തിലുണ്ട്. പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ കാരണവർ. രണ്ടു കൊല്ലം മുൻപ് എത്തിയ നാലു വയസുകാരി ആരണ്യ കൂട്ടത്തിലെ ഇളമുറക്കാരി. പ്രായാധിക്യത്താൽ അവശതയിലാകുന്ന നാട്ടാനകൾ, ഉപേക്ഷിക്കപ്പെടുന്നതും പിടിച്ചെടുക്കുന്നതുമായ ആനകൾ, നാട്ടിലിറങ്ങി ശല്യക്കാരായി മാറുന്ന ആനകൾ, വനത്തിൽ കൂട്ടം തെറ്റി പോകുന്ന കുട്ടിയാനകൾ തുടങ്ങിയവയെ ഈ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിക്കും. ചികിത്സ നൽകും.
300 ഏക്കർ വനഭൂമി ആനകളുടെ സ്വതന്ത്ര ആവാസ വ്യവസ്ഥക്കായി നീക്കിയിട്ടുണ്ട്. ഉരുക്ക് വേലികൊണ്ട് സംരക്ഷണ കവചമൊരുക്കിയ 120 ഹെക്ടർ പ്രദേശത്ത് ചങ്ങലക്കെട്ടില്ലാതെ മേയാൻ സ്വതന്ത്രമായി വിടും. ഇവിടെ തീറ്റയും നൽകും. ആനകളെ പാർപ്പിക്കാൻ ഉരുക്ക് വേലി കൊണ്ട് വലയം തീർത്ത 15 എൻക്ലോഷറുകൾ(കൂടുകൾ) ആണുണ്ടാവുക. കൊമ്പനെ പാർപ്പിക്കാനുള്ള ഒരു എൻക്ലോഷറിനു ഒന്നേകാൽ ഏക്കർ വിസ്തൃതി.
പിടിയാനകൾക്കും കുട്ടി ആനകൾക്കുമുള്ള കൂടിന്റെ വലിപ്പം 5 ഏക്കർ. ഇങ്ങനെ 7 എണ്ണം. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടിയാനകൾക്ക് പ്രത്യേക നഴ്സറി, കാട്ടിൽനിന്നു ലഭിക്കുന്ന കുട്ടി ആനകളെ ആദ്യ ഘട്ടം പാർപ്പിക്കാനുള്ള ക്വാറന്റീൻ സെന്റർ, മദപ്പാടുള്ള ആനകൾക്ക് പ്രത്യേക കൂടുകൾ, നാട്ടിലിറങ്ങുന്ന പ്രശ്നക്കാരായ ആനകളെ പിടികൂടിയാൽ അവയെ മെരുക്കാൻ പ്രത്യേക കൂടുകൾ (ക്രാളുകൾ രണ്ടും കമ്പകം തടിയിൽ നിർമിച്ചത്)… ഇങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ടാവും. കേന്ദ്രത്തിലേക്ക് കാട്ടാനകൾ കയറാതിരിക്കാൻ കേന്ദ്രത്തിനു ചുറ്റും മൂന്നേമുക്കാൽ മീറ്റർ ഉയരത്തിൽ ഉരുക്ക് വേലി നിർമിച്ചു. പുറമേ വൈദ്യുത വേലി കവചവും.
ആനയൂട്ട് കാണാം
ആനകൾക്ക് ആഹാരം പാകം ചെയ്യാനുള്ള സെൻട്രൽ കിച്ചനിൽനിന്ന് ഓരോ ആനകൾക്കും ആഹാരമെത്തിക്കും. വിനോദസഞ്ചാരികൾക്ക് മുന്നിൽ ഒരേ സമയം 5 ആനകളെ ഊട്ടാനുള്ള പ്രത്യേക ഇടം. ആനയൂട്ട് കാണാൻ സഞ്ചാരികൾക്ക് ഓപ്പൺ എയർ ഏരിയ. 100 പേർക്ക് ഇരിക്കാൻ സൗകര്യം.
ആന മ്യൂസിയം
ആനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസിലാക്കാൻ പാകത്തിൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ വിപുലമായ ആന മ്യൂസിയം ഒരുക്കുന്നുണ്ട്. ആനകളുടെ അസ്ഥികൂടം ഉൾപ്പെടെ ഇവിടെ സജ്ജീകരിക്കും. മ്യൂസിയം പ്രവർത്തനം ജനുവരി മുതൽ തുടങ്ങും.
പ്രത്യേക ആശുപത്രി
കേന്ദ്രത്തിലെ ആനകൾക്കു പുറമേ നാട്ടാനകൾക്കും ചികിത്സ നൽകാൻ പ്രത്യേക ‘ആന ചികിത്സാ’ കേന്ദ്രം. 2 ഡോക്ടർമാരുടെ സേവനം, ലബോറട്ടറി സൗകര്യം. ആനകളെ പരിശോധിക്കാൻ വിപുലമായ ഹാളും ഒരുക്കി. ആനകളുടെ പോസ്റ്റ്മോർട്ടത്തിനും ദഹിപ്പിക്കാനും പ്രത്യേക കേന്ദ്രം.
ഇവിടെ എന്തൊക്കെ..
ആനകളുടെ കാഴ്ചയ്ക്കു പുറമേ വിവിധ പരിപാടികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആനപ്പുറത്ത് സവാരിയാണ് മുഖ്യം. ആനകളുടെ പുറത്തുകയറി കാട് ചുറ്റാൻ ഇവിടെ സൗകര്യമുണ്ട്. സ്വദേശികൾക്ക് 100 രൂപ നൽകിയാൽ ആനപ്പുറത്തുകയറാം രാവിലെ 9നും വൈകിട്ട് 5 നും ഇടയ്ക്ക് എത്തിയാലേ ആനപ്പുറത്തുകയറാൻ കഴിയൂ. ആനകളെ സൗകര്യപൂർവം കാണാനും അതിനോട് ഇടപെഴുകാനും സൗകര്യമുണ്ട്.
മുളം കമ്പുകൾ കൊണ്ട് നിർമിച്ച ഇവിടെയിരുന്ന് ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം. കാപ്പുകാട്ടിൽ എത്തുന്നവർക്ക് ഏതു തരത്തിലെ ഭക്ഷണം തരാനും സംവിധാനമുണ്ട്. കോണ്ടിനെന്റൽ, ചൈനീസ് മുതൽ നാടൻ വരെ. ഇവിടെ സൗകര്യത്തോടുകൂടിയ കേറ്ററിംഗ് കേന്ദ്രം ഇക്കോ കമ്മിറ്റി നടത്തുന്നുണ്ട്.
ആനകൾ മാത്രമല്ല ഈ കാട്ടിലുള്ളത്. മഴക്കാടുകളായ ഇവിടെ കാണാനും കാട്ടിലൂടെ സവാരി നടത്താനും സൗകര്യമുണ്ട്. കാപ്പുകാട്ടിന് അടുത്താണ് മീൻമുട്ടി വെള്ളച്ചാട്ടം. ഏതു സമയത്തും വെള്ളം വറ്റാത്ത ഈ വെള്ളച്ചാട്ടം കാണാനും അവിടേക്ക് കുന്നും വളവും തിരിഞ്ഞുപോകാനും സാഹസികരായ സഞ്ചാരികൾക്ക് സൗകര്യമുണ്ട്. ഇവിടേക്ക് വാഹനസൗകര്യവും വനംവകുപ്പ് ഒരുക്കി തരും.
കാട്ടിൽ പോകുന്ന വഴിക്ക് കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ മ്യഗങ്ങളെ കാണാനും കഴിയും. മീൻമുട്ടിക്ക് പുറമേ കാട്ടാടികുന്നിലേക്കും തീർഥക്കരയ്ക്കും സഞ്ചാരികളെ കൊണ്ടുപോകും. ഇതിനായി അനുമതി വാങ്ങണം.
കോട്ടൂർ സുനിൽ