കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റിയതിനു പകരമായി കോടനാട്ടുനിന്ന് കോന്നിയിലേക്ക് എത്തിച്ച ആനയാണ് ഇരുപത്തെട്ടുകാരനായ നീലകണ്ഠൻ.ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ആനത്താവളത്തിലെ തറിയിലാണ് ആന കുഴഞ്ഞുവീണത്. രണ്ടാഴ്ചയായി എരണ്ടക്കെട്ടിനേ തുടർന്ന് ആന ചികിത്സയിലായിരുന്നുവെന്ന് പറയുന്നു.
കഴിഞ്ഞ 15 നാണ് എരണ്ടക്കെട്ട് ബാധിച്ചത്. വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ.ശ്യാം ചന്ദ്രൻ, ഡോ. ആനന്ദ്, ഡോ. ശശീന്ദ്രൻ, ഡോ. സിബി, ഡോ. ബിജു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ചികിത്സ നൽകി വരികയായിരുന്നു. ആനയ്ക്ക് പാപ്പാൻമാർ മരുന്നു നൽകിക്കൊണ്ടിരിക്കുന്പോഴാണ് കുഴഞ്ഞുവീണതെന്നു പറയുന്നു.
മലയാറ്റൂർ ഡിവിഷനിലെ വാടാട്ടുപാറയിൽ നിന്നാണ് നീലകണ്ഠനെ വനം വകുപ്പിനു ലഭിച്ചത്. വനം വകുപ്പ് രേഖകളിൽ തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്ന വിശേഷണവും നീലകണ്ഠനുള്ളതാണ്. 2021 ഫെബ്രുവരിയിലാണ് ആനയെ കോന്നിയിൽ എത്തിച്ചത്. കോന്നി ആനത്താവളത്തിലെ സുരേന്ദ്രനെ കുങ്കി ആന പരീശലനത്തിനു കൊണ്ട് പോയതിനേ തുടർന്നുള്ള ജനരോഷം തണുപ്പിക്കാനാണ് നീലകണ്ഠനെ കോന്നിയിൽ എത്തിച്ചത്.
ആദ്യ ഘട്ടത്തിൽ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളിൽ ഒന്നാണ് നീലകണ്ഠൻ. കാലിന് നീര് കയറുന്നതിനാൽ ദൗത്യങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീടാണ് കോന്നി ആനത്തവളത്തിൽ എത്തിച്ചത്. ആനയുടെ ജഡം ഇന്നലെ വൈകുന്നേരം കുമ്മണ്ണൂരിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി വനത്തിൽ സംസ്കരിച്ചു.\