സ്വന്തം ലേഖകൻ
തൃശൂർ: കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം 30നു തൃശൂരിൽ നടക്കും. കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ നടക്കുന്ന സമ്മേളനം രാവിലെ പത്തിനു ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ എംപി, മേയർ അജിത വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്കു നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി.പണിക്കർക്കു മന്ത്രി കടകംപിള്ളി സുരേന്ദ്രനും, മാതംഗ ജീവിതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനു മന്ത്രി വി.എസ്.സുനിൽകുമാറും സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല ആനപ്പാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിനു കെ.ബി.ഗണേഷ്കുമാർ എംഎൽഎ സമ്മാനിക്കും.
ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ.സുന്ദർമേനോൻ ആദരിക്കും. ഗജചികിത്സാ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഡോ. പി.ബി.ഗിരിദാസിനെ യോഗം ആദരിക്കും.
ആനകളിൽനിന്നും അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്ന പാപ്പാന്മാർക്കുള്ള സഹായവിതരണം, അവശത അനുഭവിക്കുന്ന ആനത്തൊഴിലാളികൾക്കുള്ള ധനസഹായവിതരണം, കേരളത്തിലെ മുതിർന്ന ആന ഉടമകളെ ആദരിക്കൽ, ആനപ്രേമി സംഘടനകളെ ആദരിക്കൽ, മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരേയും കേളത്ത് അരവിന്ദാക്ഷൻ മാരാരേയും ആദരിക്കൽ, പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എലിഫന്റ് സ്ക്വാഡ് അംഗങ്ങളെ ആദരിക്കൽ, മുതിർന്ന ആന ഡെക്കറേഷൻ ഏജന്റിനേയും ആനത്തൊഴിലാളികളെയും ആദരിക്കൽ, ആന ഉടമകൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, കലണ്ടർ പ്രകാശനം, വെബ്സൈറ്റ് ഉദ്്ഘാടനം എന്നിവയെല്ലാം ഇതോടനുബന്ധിച്ചു നടക്കും.
ഉച്ചയ്ക്കു 12 മുതൽ ഒന്നുവരെ കിഴക്കൂട്ട് അനിയൻമാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും നയിക്കുന്ന പാണ്ടിമേളവുമുണ്ടാകും.
ഫെഡറേഷൻ ഭാരവാഹികളായ പി.ശശികുമാർ, പി.എസ്.ജയഗോപാൽ, പി.മധു, പ്രഫ. എൻ.രാധാകൃഷ്ണൻ, ചന്ദ്രൻ രാമൻതറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണം
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്കെതിരെയുള്ള വിലക്ക് നീക്കണമെന്നു കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരാന എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയെന്ന പേരിൽ ആജീവനാന്തം തളച്ചിടുന്നതു ശരിയല്ല. കഴിഞ്ഞ തൃശൂർ പൂരത്തിനുശേഷം ഈ ആനയെ പുറത്തെത്തിക്കാൻ അനുമതി നൽകിയിട്ടില്ല. ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നു ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.