പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വടക്കുമുറിക്കു സമീപം ലോറിയിൽനിന്ന് ഇറങ്ങിയോടിയ ആനയെ ഏറെ നേരത്തിനുശേഷം തളച്ചു. ഇന്നു പുലർച്ചെ നാലിനു വിരണ്ടോടിയ ആനയെ എട്ടുമണിയോടെയാണു തളച്ചത്.
പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് ജനവാസ മേഖലയിൽ നിലയുറപ്പിച്ച ആനയെ പാപ്പാൻമാർ ചേർന്നു തളയ്ക്കുകയായിരുന്നു. നേർച്ച ആഘോഷത്തിനായി എത്തിച്ച ആനയെ തിരികെകൊണ്ടുപോകുന്പോഴാണ് വിരണ്ടോടിയത്.
ലോറി ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. നടുവിനാണു പരിക്കേറ്റത്. രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു.
ഒരു വീടും ഒരു കടയും തകർത്തിട്ടുണ്ട്. വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. താമരശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്.
ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ഈ ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ ആക്രമിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനിടെയായിരുന്നു ഇത്. സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ലാത്തിവീശിയിരുന്നു.