വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കൽ ചടങ്ങിനോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് എത്തിയ ആനയെ റോഡിൽ നിർത്തി ബാറിൽ കയറി അടിച്ച് പൂസായ പാപ്പാൻമാരെ പോലീസ് പിടികൂടി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരുകേട്ട ആനയുടെ പാപ്പന്മാരെയാണ് പോലീസ് പിടികൂടിയത്. ആനയ്ക്ക് കൂച്ചുവിലങ്ങ് ഇട്ട ശേഷം ഇവർ ബാറിൽ കയറി മദ്യപിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പാപ്പാന്മാരെ കാണാത്തതിനെത്തുടർന്ന് ആന ബഹളം വയ്ക്കാൻ തുടങ്ങി. ഇതേത്തുടർന്ന് തടിച്ചുകൂടിയ ആൾക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ പാപ്പന്മാർ അടിച്ചു പൂസായി ഇറങ്ങി വരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദേവസ്വം അധികൃതർ എത്തി ആനയെ കൊണ്ടപോകുവാൻ പാപ്പാൻമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വിട്ടയച്ചു.
ദേവസ്വം ബോർഡിന്റെ ആന ആയതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ദേവസ്വം അധികൃതർ രഹസ്യ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.നിരുത്തരവാദപരമായി പ്രവർത്തിച്ച പാപ്പാന്മാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം.