മറയൂർ: തിങ്കളാഴ്ച രാവിലെ മറയൂരിൽനിന്നു തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്കു പച്ചക്കറി കയറ്റാൻ പോയ വാഹനത്തിനു മുന്നിൽ കാട്ടാനയുടെ സുഖപ്രസവം.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നു പോകുന്ന നോർത്തേണ്‍ ഒൗട്ട്ലെറ്റ് പാതയിലെ ജല്ലിമലയ്ക്കും ചന്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് റോഡിൽ പിടിയാന കുഞ്ഞിനു ജന്മം നൽകിയത്.
പുലർച്ചെ അഞ്ചോടെ തമിഴ്നാട്ടിൽനിന്നു നിർമാണ സാധനങ്ങളുമായി എത്തിയ വാഹനത്തിനു മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നതോടെയാണ് വാഹനത്തിലെത്തിയവർ ശ്രദ്ധിച്ചത്.
പിന്നീടാണ് കാട്ടാനയുടെ പ്രസവത്തിനു സുരക്ഷയൊരുക്കുകയായിരുന്നു ആനക്കൂട്ടമെന്നു മനസിലായത്. ഇതോടെ ഇരു വശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ ഈ ഭാഗത്തേക്കു കടന്നുപോകാതെ തടഞ്ഞു.
രണ്ടു മണിക്കൂറിനു ശേഷം പിടിയാന കുട്ടിയാനയെ പരിപാലിക്കുകയും കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്ത ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്.
ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായിനിന്നു. വാഹനങ്ങൾ അടുത്തേക്കു ചെല്ലാതെയും ശബദം ഉണ്ടാക്കാതെയും ആളുകൾ സഹകരിച്ചതോടെ കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവം നടുറോഡിൽ സുഖമായി നടന്നു.
മറയൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര പോയ മറയൂർ ഗ്രാമ സ്വദേശി ദുരൈ, നൂറ് വീട് സ്വദേശി മുരുകേശൻ, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാർ, സുഭാഷ് എന്നിവരാണ് വാഹനങ്ങളെ കടന്നു പോകാതെ നിയന്ത്രിച്ചത്.
പ്രസവം കഴിഞ്ഞു കാടിനുള്ളിലേക്കു പോകുന്ന സമയമായപ്പോഴേക്കും നേരം പുലർന്നിരുന്നു. അപ്പോഴാണ് ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പോലും പകർത്തിയത്.