മറയൂര്‍: കാലില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുങ്ങി മുറിവേറ്റ നിലയില്‍ കണ്ടെത്തിയ പിടിയാനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്കി വനംവകുപ്പ്. കാന്തല്ലൂര്‍ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയില്‍ ദിവസങ്ങളോളമായി കണ്ടിരുന്ന കാട്ടാനക്കൂട്ടത്തിലുള്ള 20 വയസുള്ള ആനയ്ക്കാണ് ചികിത്സ നല്‍കിയത്. കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ ഗുരുതര പരിക്കോടെയാണ് ആന നടന്നിരുന്നത്.
തമിഴ്നാട്ടില്‍നിന്ന് ചിന്നാര്‍ വന്യജീവി സങ്കേതം വഴി ഇരുപതിലധികം കാട്ടാനകളാണ് മറയൂര്‍- കാന്തല്ലൂര്‍ മേഖലയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങള്‍ക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുകയാണ് ഇവ. ഇതിനിടയിലാണ് വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന നാല് ആനകളിലൊന്നിന് മുറിവു കണ്ടെത്തിയത്.
കോട്ടയം സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്.എസ്. നേതൃത്വത്തില്‍ രാവിലെ തേക്കടി വൈല്‍ഡ് ലൈഫ് വെറ്ററിനറി ഡോക്ടര്‍ അനുരാജ്, വയനാട്ടിലെ വൈല്‍ഡ് ലൈഫ് സര്ജന് അജേഷ് മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മയക്കുവെടിവെച്ച് മണിക്കൂര്‍ക്കുള്ളില്‍ ചികിത്സ നല്കി ആനയെ മോചിപ്പിച്ചു.
മറയൂര്‍ ഡിഎഫ്ഒ എം.ജി. വിനോദ് കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ രമേശ് വിശ്വനാഥ്, വൈല്‍ഡ് ലൈഫ് ഗാര്ഡന് എസ്.വി. വിനോദ്, വയനാട് ആര്‍ടി സംഘം, മറയൂര്‍ ആറാട്ട് സംഘം, തേക്കടി ആറാര്ട്ടി സംഘം മറയൂര്‍ കാന്തലൂര് മൂന്നാര്‍ മേഖലയിലെ റേഞ്ച് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള വന പാലകസംഘം താല്‍ക്കാലിക ജീവനക്കാര്‍ എന്നിങ്ങനെ 50ലധികം പേരും കൂടാതെ സുരക്ഷയ്ക്കായി പോലീസ് സംഘം, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.