കൊച്ചി: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പട്ടികയും സമര്‍പ്പിക്കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി. ചൊവ്വാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിന് കോടതി നിര്‍ദേശം നല്കി.
ആരോഗ്യപ്രശ്നങ്ങളോ മദപ്പാടോ ഉള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളതിനാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും.
അതേസമയം ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയതനുസരിച്ച് ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ആനകളുടെ 50 മീറ്റര്‍ അകലെ മാത്രമേ ആളുകളെ നിര്‍ത്താവൂ, ചൂട് കുറയ്ക്കാനായി ഇടയ്ക്കിടെ ആനകളെ നനയ്ക്കണം, തുടങ്ങിയവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.