ചെങ്ങന്നൂർ: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഐടി ഐക്ക് സമീപം ആനപ്പല്ല് കൈമാറാൻ ശ്രമിക്കുന്പോഴാണ് ഇവർ പിടിയിലാകുന്നത്. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.
തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻ കുഞ്ഞ് (50), തിരുവനന്തപുരം പോത്തൻകോട് മനു ഭവനിൽ മനോജ് എസ് (48) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും റാന്നി റെയ്ഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരുന്ന കാറിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് കണ്ടെടുത്തു.
കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൽ, സോളമൻ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു ടി.ജി, പ്രകാശ് എഫ്, അനൂപ് അപ്പുക്കുട്ടൻ, അജ്മൽ എസ്, ഗിരി കൃഷ്ണൻ, മീര പണിക്കർ, സജി കുമാർ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.