പത്തനംതിട്ട: ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല.
ജില്ലയിൽ 107 ക്ഷേത്രങ്ങൾക്കാണ് ആനകളെ എഴുന്നള്ളിപ്പിക്കുവാനുള്ള അനുമതി ഉള്ളത്. ഉത്സവങ്ങൾ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്പ് ജില്ലാതല നിരീക്ഷണ സമിതിക്ക് നൽകണം. പാപ്പാന്മാർ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും ചുമതല. അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കിൽ 25 ലക്ഷത്തിൽ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇൻഷ്വറൻസ് എടുക്കേണ്ടതും എലിഫന്റ് സ്ക്വാഡിനുള്ള ഫീസ് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അടയ്ക്കേണ്ടതുമാണ്.
മദപ്പാടുള്ളതും പരുക്കേറ്റതും അസുഖം ബാധിച്ചതും ക്ഷീണിതരുമായ ആനകളെ യാതൊരു കാരണവശാലും ഉത്സവത്തിൽ പങ്കെടുപ്പിക്കുവാൻ പാടില്ല. ഉത്സവങ്ങളിൽ പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്ന ആനകളുടെ അടുത്ത് പടക്കം പൊട്ടിക്കുകയോ വാഹനങ്ങൾ ഹോണ് മുഴക്കുകയോ ചെയ്യുന്നില്ലായെന്നും സെൽഫി, ടിക്ടോക്ക് തുടങ്ങിയവ ഒരു കാരണവശാലും അനുവദിക്കാതിരിക്കുവാനും ഉത്സവ കമ്മിറ്റിക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ആനകളെ ഉത്സവത്തിൽ പങ്കെടുപ്പിക്കാൻ പാടില്ല. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുത്തു മാത്രമേ ഉത്സവങ്ങളിൽ നാട്ടാനകളെ ഉപയോഗിക്കാവൂവെന്നും ഉത്സവങ്ങൾ ഭംഗിയായും അപകടരഹിതമായും നടത്തുവാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി.ബി. നൂഹ് അഭ്യർഥിച്ചു.