കൊയിലാണ്ടി: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനകളിലൊന്ന് ക്ഷേത്ര ഓഫീസിന്റെ മുകളിലേക്കു വീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 30 പേര്‍ക്ക് പരിക്കേറ്റു.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇന്നലെ വൈകുന്നരം ആറോടെയായിരുന്നു സംഭവം. കുറുവങ്ങാട് വട്ടാക്കണ്ടി ലീല (65), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78 ), വടക്കയില്‍ രാജന് (68 ) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ഉത്സവം നിര്‍ത്തിവച്ചു.
കൊയിലാണ്ടി- താമരശേരി സംസ്ഥാന പാതയില്‍ കൊയിലാണ്ടിയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം. ഗുരുവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. പീതാംബരന് ഇടഞ്ഞ് ഗോകുലിനെ കുത്തിയതോടെ ഗോകുല്‍ ക്ഷേത്ര ഓഫീസിന്റെ ഓടിട്ട കെട്ടിടത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് ഓഫീസിനകത്തും ചുറ്റുപാടും ധാരാളം ആളുകളുണ്ടായിരുന്നു.
ആന വീണതിനെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു. ആളുകള്‍ അതിനുള്ളില്‍ കുടുങ്ങി. മരിച്ച മൂന്നു പേരും ഓഫീസിനകത്തും ചുറ്റുഭാഗത്തും നിന്നവരാണ്. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടി. ഇതിനിടെ പലര്‍ക്കും ചവിട്ടേറ്റും തടഞ്ഞുവീണും പരിക്കേറ്റു.
കുറുവങ്ങാട് ശിവക്ഷേത്രത്തില്‍നിന്നു മണക്കുളങ്ങര ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടെയാണു പീതാംബരന് എന്ന ആന ആദ്യം ഇടഞ്ഞത്. എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കേ പടക്കം പൊട്ടിച്ചപ്പോള്‍ പീതാംബരന് പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന ഗോകുലിനെ കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെയാണ് ഗോകുല്‍ മറിഞ്ഞ് ക്ഷേത്ര ഓഫീസ് കെട്ടിടത്തിലേക്കു വീണത്.
ആനകളുടെ പുറത്ത് തിടമ്പേറ്റിയവരില് ചിലര്‍ വേഗത്തില്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍, ഇറങ്ങാന്‍ കഴിയാത്ത രണ്ടു പേരെയും കൊണ്ട് ആന ഒരുപാട് ദൂരം ഓടി. ക്ഷേത്രത്തിലേക്കുള്ള വരവിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരളുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തേക്കും വടക്കുഭാഗത്തേക്കും ഓടിയ ആനകളെ പിന്നീട് തളച്ചു. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളാണ്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അമ്മുക്കുട്ടിയുടെ ഭർത്താവ് പരേതനായ ബാലൻ നായർ. ദാസൻ, ബാബു, മനോജ്, ഗീത എന്നിവർ മക്കളാണ്. സരളയാണ് രാജന്റെ ഭാര്യ. മക്കൾ: സച്ചിൻ രാജ്, രേഷ്മ. മരുമക്കൾ: സൂരജ്, സ്നേഹ. ലീലയുടെ ഭർത്താവ്: ആണ്ടിക്കുട്ടി. മക്കൾ: ലിഗേഷ്, അഭിലാഷ്.