വയനാട്: മാനന്തവാടി പടമലയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ ബിജെപി.
രാഹുൽ ഗാന്ധിയെ വയനാട്ടിൽ വീണ്ടും ജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും കർണാടകയിലെ നികുതിപ്പണം മറ്റൊരു സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കേണ്ട കാര്യമില്ലെന്നും വിജയേന്ദ്ര അവകാശപ്പെട്ടു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നുവെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു.
മാനന്തവാടിയിൽ ഏറെ ഭീതിവിതച്ച ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഇതിനു പിന്നാലെയായിരുന്നു അജീഷിന്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചത്.
കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്. അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച് വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര പറഞ്ഞു