മട്ടാഞ്ചേരി: ഉത്സവത്തോടനുബന്ധിച്ചു നടന്ന ശീവേലിക്കിടെ ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കൊച്ചി തിരുമല ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് പുലര്‍ച്ചെ നടന്നശീവേലിക്കി ടെയാണ് മൂന്നു ഗജവീരന്മാരിലൊന്ന് ഇടഞ്ഞോടിയത്.
പുലര്‍ച്ചെയായതിനാല്‍ സ്ത്രീകളും കുട്ടികളും ക്ഷേത്രത്തില്‍ നന്നേ കുറവായിരുന്നു. പുരുഷന്മാര് ഓടി മാറിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. രണ്ടാം പാപ്പാനെയും കൊണ്ട് ക്ഷേത്രമുറ്റത്ത് അതിവേഗം ഓടിയ ആനയെ നിയന്ത്രണത്തിലാക്കാന്‍ പാപ്പാന്മാര് ഏറെ പണിപ്പെടേണ്ടിവന്നു.
ക്ഷേത്രഗോപുരങ്ങള്‍ ഒന്നൊന്നായി അടച്ചെങ്കിലും പടിഞ്ഞാറെ ഗോപുരവാതില്‍ അടയ്ക്കാന്‍ താമസം വന്നതിനെ തുടര്‍ന്ന് ഇടഞ്ഞ ആന ക്ഷേത്രത്തിനു പുറത്തു കടക്കുകയായിരുന്നു.
ഓടിത്തളര്‍ന്ന ആന വീ കട്ട് റോഡില്‍ എത്തി പകച്ചു നില്‍ക്കുകയായിരുന്നു. പഴക്കുല കാട്ടിയാണ് ആനയെ പാപ്പാന്മാര് തളച്ചത്. രഥം വലിക്കുമ്പോഴുണ്ടായ ശബ്ദമാണ് ആന ഇടയാനും ഓടുവാനും കാരണമെന്നു പാപ്പാന്മാര് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇന്നു രാവിലെ നടക്കേണ്ടിയിരുന്ന ആന എഴുന്നള്ളത്ത് ക്ഷേത്രം ഭാരവാഹികള്‍ വേണ്ടെന്നു വെച്ചു. ആനപ്പുറത്ത് കയറുവാന്‍ പൂജാരിമാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് ശീവേലി വേണ്ടന്നു വെച്ചത്.