ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചക്കായി കൊണ്ടുവന്ന ആന ഇടഞ്ഞോടി പാപ്പാനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തിരുവത്ര ആനത്തല മുക്കിൽനിന്നും ഓട്ടം തുടങ്ങിയ ആന കാനോലികനാൽ കടന്ന് വാഴപ്പുള്ളിയിലേക്കാണ് ഓടിയത്. പാപ്പാ·ാരും നാട്ടുകാരും ആനയെ പിൻതുടർന്നെങ്കിലും 10 കിലോമീറ്റർ ഓടിയശേഷമാണ് പേരകം താമരയൂരിൽവച്ചാണ് ആനയെ തളച്ചത്.
ഓട്ടത്തിനിടയിൽ പല വാഹനങ്ങളും കേടുവരുത്തി, തെങ്ങുകളും മറിച്ചിട്ടു. ഇന്നു രാവിലെ എട്ടരയോടെയാണ് നേർച്ചയിൽ എഴുന്നള്ളിക്കുന്നതിനായി ആനയെ ലോറിയിൽ കൊണ്ടുവന്നത്. ലോറിയിൽനിന്ന് ഇറക്കിയ ഉടനെ ആന വിരണ്ടോടുകയായിരുന്നു. ഉടനെ തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
പിന്നീട് പല ഭാഗത്തുകൂടി ഓടിയാണ് കാനോലി കനാലിൽ എത്തിയത്. അവിടെനിന്ന് മറുകര കടന്നാണ് താമരയൂർക്ക് ഓടിയത്. ഇതിനിടയിലാണ് വീണ് ഒരു പാപ്പാന് പരിക്കേറ്റത്. പിടികൂടിയ ആനയെ താമരയൂരിൽ തളച്ചിരിക്കുകയാണ്.