സെൽഫി എടുക്കാൻ സാഹസികത കാണിച്ച് ആളുകൾ മരണത്തിനു കീഴടങ്ങുകയും ഗുരുതര പരിക്കേൽക്കുകയും ചെയുന്ന സംഭവങ്ങൾ എല്ലാവരും അറിയുന്നതാണ്. പക്ഷെ സെൽഫി ഭ്രാന്ത് തലയ്ക്കു പിടിച്ചവർക്ക് എത്രെ കേട്ടാലും ഇതൊന്നും പാഠമാവില്ല എന്നുള്ളതാണ് സത്യം. അത്തരത്തിൽ സാഹസികമായ സെൽഫിയെടുക്കാൻ തുനിഞ്ഞ ഒരാളെ കാട്ടാനക്കൂട്ടം ആക്രമിക്കാൻ ഓടിച്ച സംഭവം വൈറലാകുന്നു.
അതിരപ്പിള്ളി ആനമല റോഡിലാണ് സംഭവങ്ങൾ നടന്നത്. യാത്രമധ്യേ കാട്ടാനക്കൂട്ടത്തെ കണ്ട വിനോദ സഞ്ചാരികൾ അകലെ നിന്ന് ആനക്കൂട്ടത്തെ കൂട്ടി സെൽഫി എടുത്തു. എന്നാൽ പകർത്തിയ ചിത്രങ്ങൾ മതിയാകാതെ ആനയുടെ അടുക്കൽ ചെന്ന് സെൽഫി എടുക്കാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
ആനക്കൂട്ടം ഓടിച്ച ഇയാൾ കഷ്ടിച്ചാണ് രക്ഷപെട്ടത്. മാത്രമല്ല പ്രശ്നമായെന്നു മനസിലായതോടെ കൂട്ടത്തിലുണ്ടായിരുന്നവരും ചിതറിയോടി. അവിടേക്കു പോകരുതെന്ന് മറ്റ് വാഹനങ്ങളിലെ യാത്രക്കാർ പറഞ്ഞെങ്കിലും ഇവർ ഇത് നിരാകരിക്കുകയായിരുന്നു. സഞ്ചാരികളെ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് വനം വകുപ്പിന്റെ നീക്കം.