തൊടുപുഴ: ആനയുടെ മുന്പിൽ ബാഹുബലിയിലെ രംഗം അനുകരിക്കാൻ ശ്രമിച്ചില്ലെന്ന് പെരിങ്ങാശേരി സ്വദേശി ജിനു ജോണ്. കഴിഞ്ഞ ദിവസം കരിമണ്ണൂരിനു സമീപം പഴം കൊടുക്കുന്നതിനിടെ ആന തൂക്കിയെറിഞ്ഞ യുവാവാണ് കരിമണ്ണൂർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആനയക്ക് പഴവും പനംപട്ടയും നൽകിയിരുന്നു. ആനപ്രേമം മൂലം തുന്പിക്കൈയിൽ ചുംബനം നൽകുക മാത്രമാണ് നൽകിയത്. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നു മാത്രമാണ് ഉദ്ദേശിച്ചത്.
ഒരു ഉമ്മ നൽകുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്ത ആന തുന്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. വീഴ്ചയിൽ ബോധം പോയതല്ലാതെ പരിക്കേറ്റിട്ടില്ലെന്നും ജിനു കരിമണ്ണൂർ പോലീസിനോട് വ്യക്തമാക്കി. കൂടാതെ വിശദീകരണമായി ഫേസ് ബുക്ക് ലൈവിലും ജിനു എത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂരിനു സമീപം കുരുന്പുപാടത്തായിരുന്നു സംഭവം. പെരിങ്ങാശേരി സ്വദേശിയായ യുവാവും സുഹൃത്തുക്കളും ചേർന്ന് അവധി ആഘോഷത്തിനിടെയാണ് ആനപ്പുറത്ത് കയറാൻ ശ്രമിച്ചത്. പുരയിടത്തിൽ തളച്ചിരുന്ന ആനയുടെ സമീപം പാപ്പാൻമാർ ഇല്ലായിരുന്നു. പനംപട്ട തിന്നു നിൽക്കുകയായിരുന്ന ആനയ്ക്ക് പഴവുമായാണ് യുവാവ് എത്തിയത്.
ആനയുടെ സമീപം എത്തുന്നതിനു മുൻപ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ റെക്കോർഡു ചെയ്യാൻ സുഹൃത്തിനെ മൊബൈൽ ഫോണ് ഏൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. സാഹസിക രംഗങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.