മുംബൈ: വരുന്നൂ ഇലക്‌ട്രിക് വാഹനങ്ങളുടെ വന്‍ വിപ്ലവം. നിലവില്‍ ഈ രംഗത്തു ചുവട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കൊപ്പം മത്സരത്തിന് ഒരുങ്ങുകയാണ് പരമ്പരാഗത ഇരുചക്ര വാഹന നിര്‍മാതാക്കളായ മുന്‍നിര കമ്പനികള്‍.
മുൻനിരക്കാരും
ഇലക്‌ട്രിക് വാഹനങ്ങള്‍ ഒറ്റയടിക്കു വന്‍ തോതില്‍ ഇറങ്ങിയാല്‍ തങ്ങളുടെ പെട്രോള്‍ വാഹനങ്ങളുടെ വില്പനയില്‍ വന്‍ ഇടിവുണ്ടാകും എന്ന ആശങ്കയാണ് ഇക്കാലമത്രയും ഇരുചക്രവാഹന നിര്‍മാതാക്കളെ അലട്ടിയിരുന്നത്.
അതിനാല്‍ത്തന്നെ സാവധാനം ഇലക്‌ട്രിക് യുഗത്തിലേക്കു പ്രവേശിക്കുക എന്ന തന്ത്രമാണ് അവര്‍ പുലര്‍ത്തിയിരുന്നത്.
എന്നാല്‍, ഇലക്‌ട്രിക് വാഹന നിര്‍മാണ രംഗത്തേക്കു ചുവടുവച്ച സ്റ്റാര്‍ട്ടപ്പുകള്‍ അമ്പരപ്പിക്കുന്ന കുതിപ്പും വളര്‍ച്ചയും നേടിയതു കണ്ടതോടെ തങ്ങളുടെ ഇലക്‌ട്രിക് ഇരുചക്ര വാഹന പദ്ധതികള്‍ക്കു വേഗം കൂട്ടിയിരിക്കുകയാണ് പരമ്പരാഗത കമ്പനികളും.
വലിയ കുതിപ്പ്
ഏഥര്‍, ഒല തുടങ്ങിയ കമ്പനികള്‍ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തു വലിയ കുതിപ്പ് നടത്തുകയാണ്.
വന്‍ നഗരങ്ങളില്ലെല്ലാം ഇവര്‍ സാന്നിധ്യം അറിയിച്ചു ഇതോടൊപ്പം നിരവധി ചെറുകിട സ്റ്റാര്‍ട്ട് അപ് കമ്പനികളും വിദേശ കമ്പനികളും ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.
ഇതോടെ പരമ്പരാഗത ഇരുചക്ര വാഹന കമ്പനികളായ ഹീറോ മോട്ടോര്‍ കോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ഇലക്ടട്രിക് വാഹനങ്ങളുടെ നിര്‍മാണവും പദ്ധതികളും ഇരട്ടിവേഗത്തിലാക്കിയിട്ടുണ്ട്.
ഹീറോ വരുന്നു
ഹീറോയുടെ പ്രസ്റ്റീജ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ മാര്‍ച്ചോടെ വിപണിയില്‍ എത്തിയേക്കും. ജര്‍മനിയിലെ സാങ്കേതിക കേന്ദ്രത്തിലാണ് വാഹനം അണിഞ്ഞൊരുങ്ങുന്നത്.
സ്വാപ്പബ്ള്‍ ബാറ്ററി സാങ്കേതിക വിദ്യയാണ് ഇതിന്‍റെ പ്രത്യേകത എന്നാണ് അറിയുന്നത്. ആഗോള ഇലക്‌ട്രിക് വാഹന രംഗത്തെ വന്‍ കിടക്കാരായ ഗോഗോറോയുമായി ചേര്‍ന്നാണ് ഈ പദ്ധതി ഹിറോ അവതരിപ്പിക്കുന്നത്.
ചാര്‍ജ് തീരുന്ന മുറയ്ക്കു ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനു പകരം മാറ്റിവച്ചു നല്‍ക്കുന്നതാണ് സ്വാപ്പബ്ള്‍.
വലിയ വാഹനങ്ങളിലും ഈ സങ്കേതം നടപ്പാക്കുന്നതു ഇലക്‌ട്രിക് വാഹന രംഗത്ത് സജീവ പരിഗണനയിലുള്ളതാണ്.
ചാര്‍ജ് ചെയ്യാനായി ചാര്‍ജിംഗ് കേന്ദ്രത്തില്‍ കാത്തുകെട്ടി കിടക്കുന്നത് ഇതുവഴി ഒഴിവാകും. രണ്ടു മിനിറ്റുകൊണ്ട് ബാറ്ററി മാറ്റിവച്ചു നല്‍കാന്‍ ടെക്‌നീഷ്യനു കഴിയും.
പണം മുടക്കൽ
വര്‍ഷം രണ്ടു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുകയാണ് ഹീറോയുടെ പദ്ധതി. ബജാജ് നിലവില്‍ ചേതക് എന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നുണ്ട്.
ഇതിന് അത്യാവശ്യം വിപണിയും ആവശ്യക്കാരുമുണ്ട്. എന്നാല്‍, പ്രതിമാസം ആയിരം യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ കഴിയുന്നത്.
വിവിധ മോഡലുകളില്‍ വന്‍ തോതില്‍ ഉത്പാദനം നടത്തുക എന്ന ലക്ഷ്യത്തോടെ പൂനയിലെ അകുര്‍ദിയില്‍ ഇവര്‍ അഞ്ചു ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്റ് നിര്‍മിച്ചുവരികയാണ്.
മൂന്ന്- നാലു ചക്ര വാഹനങ്ങളും ഇവരുടെ പരിഗണനയിലുണ്ട്. കെടിഎമ്മുമായി ചേര്‍ന്നാണ് ബജാജ് ഇ ബൈക്ക് വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ടിവിഎസിനു നിലവില്‍ ഐക്യൂബ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉണ്ട്. ഉത്പാദനം പരിമിതമാണ്. പുതിയ ആറു മോഡലുകള്‍കൂടി ഇവര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്.
ഇതിനായി ആയിരം കോടി നിക്ഷേപിക്കും. ഹോണ്ടയും ഈ രംഗത്തു സജീവമാവുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദ്യ വാഹനം പുറത്തിറങ്ങും.
മുന്‍നിര വാഹനനിര്‍മാതാക്കള്‍ക്കൂടി ഇലക്‌ട്രിക് രംഗത്തേക്കു വരുന്നതോടെ വന്‍ വിപ്ലവം തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ സര്‍വീസ് കിട്ടുമോ? കേട്ടിട്ടില്ലാത്ത കമ്പനിയല്ലേ എന്നിങ്ങനെ ഇലക്‌ട്രിക് വാഹനം വാങ്ങാന്‍ അമാന്തിച്ചു നില്‍ക്കുന്നവരും ധൈര്യമായി വാഹനം വാങ്ങിത്തുടങ്ങും.
ഏഴായിരം കോടി
കമ്പനികള്‍ ഇതിനകം ഏഴായിരം കോടി ഈ രംഗത്തു മുതല്‍ മുടക്കിയിട്ടുണ്ട്. മുന്‍നിര കമ്പനികള്‍ വരുമ്പോള്‍ നല്ല മത്സരം കൊടുക്കാന്‍ ഒലയും ഏഥറും പോലെയുള്ളവയും കൂടുതല്‍ കരുത്തുകൂട്ടുകയാണ്.
ഏഥര്‍ എനര്‍ജിയുടെ ഹൊസൂരിലെ പ്ലാന്‍റില്‍ പ്രതിമാസം 9200 ഇ-സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നുണ്ട്.
പുതിയ മോഡലുകള്‍ ഇറക്കി വലിയ വാര്‍ത്ത സൃഷ്ടിച്ച ഒല ഹൊസൂരില്‍ 2,400 കോടി മുടക്കി വമ്പന്‍ പ്ലാന്‍റ് ഒരുക്കുകയാണ്.
വര്‍ഷം പത്തുലക്ഷം സ്‌കൂട്ടറുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ് സംരഭത്തില്‍ ഇവര്‍ക്ക് കൂട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ സ്‌കൂട്ടര്‍ നിര്‍മാതാവ് ആവുകയാണ് ഒലയുടെ ലക്ഷ്യം.