വൈപ്പിൻ: രാഷ്ട്രീയ പാരന്പര്യവും പാർട്ടിയിലെ ഉന്നത ബന്ധങ്ങളുമൊക്കെ വോട്ടർമാരെ ബോധ്യപ്പെടുത്തി വോട്ടുകൾ പെട്ടിയിലാക്കാൻ തന്ത്രപരമായ ബോർഡുകളുമായി സ്ഥാനാർഥികളുടെ വ്യത്യസ്ഥ പ്രചരണം.
എളങ്കുന്നപ്പുഴ ഒന്‍പതാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായ വി.കെ. സന്പത്തും പളളിപ്പുറം പഞ്ചായത്തിലെ ഏഴാം വാർഡിൽ എൻഡിഎ സ്ഥാനാർഥി മണിയപ്പൻ കണ്ണങ്ങനാട്ടുമാണ് ബോർഡുകളിൽ തന്ത്രങ്ങൾ കാണിച്ച് മത്സരം കൊഴുപ്പിക്കുന്നത്.
പ്രചരണ ബോർഡിൽ പിതാവായ മുൻപഞ്ചായത്ത് പ്രസിഡന്റ് പരേതനായ വി.കെ. കൃഷ്ണന്റെ ചിത്രം കൂടി ആലേഖനം ചെയ്താണ് സന്പത്തിന്റെ വോട്ട് പിടുത്തം.
മുൻ വിദേശ കാര്യമന്ത്രി പരേതയായ സുഷമാ സ്വരാജിൽ നിന്നും അനുഗ്രഹം വാങ്ങുന്ന പോസ്റ്ററുകളുമായാണ് മണിയപ്പന്റെ പ്രചരണം.
തന്റെ രാഷ്ട്രീയ പാരന്പര്യം വോട്ടർമാരെ അറിയിക്കുകയും നീണ്ടകാലം പൊതുപ്രവർത്തകനായിരിക്കെ പിതാവിനുണ്ടായിരുന്ന ജനസമ്മതിയും സൗഹൃദങ്ങളും വോട്ടാക്കി മാറ്റുകയാണ് സന്പത്തിന്റെ ലക്ഷ്യം. പിതാവിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 22-ാം വാർഡിൽ വിജയിച്ചാണ് സന്പത്ത് പഞ്ചായത്തംഗമായത്.
ഇക്കുറി വാർഡ് വനിതാ സംവരണമായതിനാൽ ഒന്‍പതാം വാർഡിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പാർട്ടി ചിഹ്നത്തിലായിരുന്നു മത്സരം. ഇക്കുറിയാകട്ടെ സ്വതന്ത്ര ചിഹ്നത്തിലാണ്.
നേരിട്ടുള്ള മത്സരത്തിൽ കോണ്‍ഗ്രസിലെ വി.കെ. സിദ്ധാർഥനാണ് സന്പത്തിന്റെ എതിരാളി. മണിയപ്പൻ തെരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് മത്സരിക്കുന്നത്.
സുഷമ സ്വരാജ് കേന്ദ്രമന്ത്രിയായിരിക്കുന്പോൾ എറണാകുളത്തെ ഒരു സ്വകാര്യ ചടങ്ങിൽ എത്തിയപ്പോൾ ഒപ്പം നിന്ന് എടുത്ത ചിത്രമാണ് പ്രചരണത്തിനായി ഉപയോഗിക്കുന്നത്.
എഴുപതുകാരനായ ഈ വയോധികൻ നേരിടുന്നത് സിപിഎമ്മിലെ വി.എം. ജിനേഷിനെയും കോണ്‍ഗ്രസിലെ ഷീല ഗോപിയേയുമാണ്.
ജില്ലാ പഞ്ചായത്ത് വൈപ്പിൻ ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. വേലായുധന്റെ ബോർഡുകളിൽ നരേന്ദ്രമോദിക്ക് ഹസ്തദാനം നൽകുന്ന ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.