മങ്കൊമ്പ്: നാലര വർഷം മുന്പ് പലിശക്കണക്കു കൂട്ടാൻ കംപ്യൂട്ടർ കീബോർഡിൽ ഓടിനടന്നിരുന്ന വിരലുകൾ ഇനി ജപമാല മുത്തുകളെ മുറുകെപ്പിടിക്കും.
പതിനായിരങ്ങൾ ശമ്പളം വാങ്ങി ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന കുട്ടനാട് സ്വദേശിനി എലിസബത്ത് കുഞ്ചെറിയയാണ് സന്യാസ സമർപ്പണ വഴിയിൽ സഭാവസ്ത്രം സ്വീകരിച്ചത്.
പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗം തോപ്പിൽ വിമുക്തഭടൻ ടോമിച്ചന്റെയും ജയ്സമ്മയുടെയും മൂത്തമകൾ ഇന്നലെയാണ് ആലുവയിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ അംഗമായി സഭാവസ്ത്രം സ്വീകരിച്ചത്.
ഇന്നലെ 2.30ന് ആരംഭിച്ച ചടങ്ങിൽ സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളത്തിൽനിന്നാണ് സിസ്റ്റർ എലിസബത്ത് വിശുദ്ധിയുടെ വസ്ത്രം സ്വീകരിച്ചത്.
ചെറുപ്പം മുതൽ ദൈവവിളിയെന്ന സ്വപ്നം കൊണ്ടുനടന്നിരുന്ന എലിസബത്ത് പക്ഷേ, ആഗ്രഹം നാലര വർഷം മുൻപുവരെ മനസിൽ സൂക്ഷിക്കുകയായിരുന്നു.
പഠനത്തിൽ മികവു കാട്ടിയിരുന്ന എലിസബത്ത് 2012ൽ തിരുവനന്തപുരം ലൂർദ് എൻജിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദം നേടി.
തുടർന്ന് ബംഗളൂരിലും ഡൽഹിയിലുമായി ഏതാനും മാസം ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം ഒരു വർഷത്തെ ബാങ്കിംഗ് കോച്ചിംഗ് പരിശീലനം പൂർത്തിയാക്കിയ ശേഷം ബാങ്ക് ജോലിക്കായി പരീക്ഷയെഴുതി. നാലു ബാങ്കുകളിൽനിന്നു ജോലിക്കു വിളിച്ചു.
ആറു മാസം സിൻഡിക്കേറ്റ് ബാങ്കിലും തുടർന്ന് എസ്ബിഐയിലും ജോലിക്കു കയറി. സുരക്ഷിതമായ ഒരു ജോലിയായതോടെ വീട്ടുകാർ വിവാഹാലോചനകളുമായി മകളെ സമീപിച്ചു.
ഒരു ധ്യാനം കൂടിയ ശേഷമാകാം വിവാഹമെന്ന മകളുടെ താത്പര്യത്തിനു മാതാപിതാക്കൾ വഴങ്ങി.
ധ്യാനം കൂടിയ ശേഷവും ആലോചനകൾ സജീവമായപ്പോൾ വീണ്ടും ധ്യാനം കൂടണമെന്നായി.
മൂന്നാമത്തെ ധ്യാനവും കഴിഞ്ഞു വീട്ടിലെത്തി ദിവസങ്ങൾക്കകം എസ്ഡി സഭാംഗങ്ങളായ സന്യാസിനികൾ വീട്ടിലെത്തിയപ്പോഴാണ് മകളുടെ ദൈവവിളി മോഹം വീട്ടുകാരറിഞ്ഞത്.
ചെറുപ്പം മുതൽ ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന എലിസബത്ത് ഫ്രാൻസിസ്കൻ സഭാംഗമാകാനാണ് താത്പര്യപ്പെട്ടത്.
പൂർണമായും സമർപ്പിതയെന്ന പദവിയിലേക്ക് എത്താൻ നിത്യവ്രതം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. മൂന്നു വർഷക്കാലത്തിലേറെയുള്ള പ്രാർഥനകളും ഒരുക്കങ്ങളും ഇതിനാവശ്യമാണ്.
യുകെയിൽ എൻജിനിയറായ തോമാച്ചൻ, പോരൂക്കര സെൻട്രൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ ആൻ മരിയ എന്നിവരാണ് സഹോദരങ്ങൾ.