മൂന്നാർ: തേയില തോട്ടങ്ങളിൽ നിത്യസാന്നിധ്യമായി മാറുന്ന കാട്ടാനകൾ തൊഴിലാളികളിൽ ആശങ്ക പടർത്തുന്നു.
കഴിഞ്ഞ ദിവസം തേയിലക്കൊളുന്തുമായി എത്തിയ ട്രാക്ടർ കാട്ടാന തേയിലക്കാട്ടിലേക്ക് മറിച്ചിട്ടു. ആനയെ കണ്ടതോടെ വാഹനത്തിൽനിന്നും ഇറങ്ങി ഓടിയ ഡ്രൈവർ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം കടലാർ എസ്റ്റേറ്റിലെ ആറാം നന്പർ ഫീൽഡിലായിരുന്നു സംഭവം. വൈകുന്നേരം കൊളുന്തുചാക്കുകളുമായി തേയിലക്കാട്ടിലൂടെ വരുന്ന വഴിയിലാണ് ആന കുറുകെ എത്തിയത്.
ഇതോടെ ഡ്രൈവർ ഇറങ്ങി മാറിനിന്നു. ട്രാക്ടറിന്റെ ട്രെയിലറിൽനിന്നും ചാക്കുകൾ തുന്പിക്കൈകൊണ്ട് താഴെ വലിച്ചിട്ട ആന പിന്നീട് ട്രാക്ടർ തേയിലക്കാട്ടിലേക്ക് തള്ളിയിടുകയായിരുന്നു.
കഴിഞ്ഞ മാസം നയമക്കാട് എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികൾക്കു സമീപം കാട്ടാന എത്തിയിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ രണ്ടു യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
ജനുവരിയിൽ വേൽമുടി ബ്ലംഗ്ലാവിന് സമീപം ഓട്ടോയുമായി കാട്ടാനയുടെ മുന്‍പിൽപ്പെട്ട ഡ്രൈവർ ആന്റണി റിച്ചാർഡ് രക്ഷപ്പെട്ടതും ഭാഗ്യംകൊണ്ടാണ്.
കഴിഞ്ഞ മാസം നല്ലതണ്ണി ഇൻസ്റ്റന്റ് ടീ ഫാക്ടറി ജീവനക്കാരനായ സന്തോഷ് ആനയുടെ മുന്പിൽനിന്നു രക്ഷപ്പെട്ടതും അദ്ഭുതകരമായാണ്.
കാട്ടാനകൾ തമ്മിലുള്ള കൊന്പുകോർക്കലും തോട്ടം മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
വന്യജീവി ആക്രമണം ഓരോ ദിവസവും രൂക്ഷമാകുന്ന സാഹചര്യത്തിൽ വനം വകുപ്പ് എത്രയുംവേഗം നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.