ഉത്തരാഖണ്ഡിലെ ജിം കോർബറ്റ്, രാജാജി ടൈഗർ റിസർവ് എന്നിവിടങ്ങളിലേക്കു പോകുന്ന സഞ്ചാരികൾക്ക് ഇനി ആനസവാരി നടത്താൻ കഴിയില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമം, 1960ലെ മൃഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ വഴി ആനകളെ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നതിന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി.
ഇതുകൂടാതെ പാർക്കിനുള്ളിലേക്കു സഞ്ചരിക്കാവുന്ന ജിപ്സികളുടെ എണ്ണം 100 ആയി കുറച്ചിട്ടുമുണ്ട്. സവാരിക്കായി ഉപയോഗിക്കുന്ന സ്വകാര്യ ആനകളെ പാർക്കിൽനിന്നു പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വൈൽഡ് ലൈഫ് മേധാവിക്ക് കോടതി നിർദേശം നല്കി.
നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമായ ഉത്തരാഖണ്ഡിലാണ് രാജ്യത്തെ കടുവകളുടെ 70 ശതമാനവുമുള്ളത്. ഇന്ത്യൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ വൈൽഡ്ലൈഫ് ടൂറിസം നല്കുന്ന പങ്ക് വലുതാണ്. ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ആനകളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ ഉത്തരവിറക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.
നിയന്ത്രിതമായ വനാന്തരങ്ങളിലൂടെ 200ൽപരം വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിനും നിയന്ത്രണമേർപ്പെടുത്തി. കോർബറ്റ്, കലഗഡ്, രാജാജി നാഷണൽ പാർക്ക് എന്നിവയുടെ സീതാബാനി, ബിജ്രാനി, ദേല സോണുകളിൽ പ്രതിദിനം ഇനി 100 ജിപ്സികൾക്കേ പ്രവേശനം അനുവദിക്കൂ. കോടതിയുടെ തീരുമാനത്തെ പരിസ്ഥിതിപ്രവർത്തകർ സ്വാഗതം ചെയ്തു.