മുംബൈ: സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന മരണപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊല ചെയ്യപ്പെട്ട ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അക്ഷയ് കുമാറിന്റെ ട്വീറ്റ്.
“മൃഗങ്ങളുടെ വന്യത കുറയുന്നതുകൊണ്ടും മനുഷ്യരുടെ മനുഷ്യത്വം കുറയുന്നതുകൊണ്ടുമാവാം. ആ ആനയ്ക്കുണ്ടായ ദുരനുഭവം ഹൃദയഭേദകമാണ്. മനുഷ്യത്വ വിരുദ്ധവും അസ്വീകാര്യവുമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാവൂ. ഓരോ ജീവനും എണ്ണപ്പെട്ടതാണ്’- അക്ഷയ് കുമാര്‍ കുറിച്ചു.
മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. പടക്കം ഉള്ളിൽ വച്ചുകൊടുത്ത പൈനാപ്പിൾ കടിച്ചപ്പോൾ പടക്കംപൊട്ടി ഗുരുതരാവസ്ഥയിലായാണ് ആന ചെരിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് സോഷ്യൽ മീഡിയയിലടക്കം സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അനുഷ്ക ശർമ, ജോൺ ഏബ്രഹാം, ടൈഗർ ഷ്രെഫ്, വരുൺ ധവാൻ,രൺദീപ് ഹുഡ, ആദിത്യ ഷെട്ടി എന്നിവർ രംഗത്തെത്തിയിരുന്നു.
പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ ആനയെ മരണത്തിലേക്കു തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നു വ്യാപക ആവശ്യമുയർന്നിട്ടുണ്ട്.
ആനയുടെ വയറ്റിൽനിന്നും കിട്ടിയ കുട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ചിത്രവും പ്രചരിക്കുന്നുണ്ട്. ഈ ചിത്രം യഥാർഥ ചിത്രംതന്നെയാണ്.