എലിക്കുളം: ഒരു ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായി മാറി എലിക്കുളത്തെ നാട്ടുചന്ത. ഇന്നലെ നടന്ന ലേലം വിളയിൽ തിളങ്ങിയത് മുട്ടനാടും, കരിങ്കോഴിയും, തളിർ പച്ചക്കറി ഉല്പാദകസംഘവും. എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച നാട്ടു ചന്തയിലാണ് വാശിയേറിയ ലേലം വിളി നടന്നത്.
നാടൻ വാഴക്കുലകൾ, പച്ചക്കറികൾ, അരി, വളർത്തു മൃഗങ്ങൾ തുടങ്ങി നാടൻ കറിവേപ്പില വരെ വിപണിയിലെ താരമായി. കുരുവിക്കൂട് എൻഎസ്എസ് കരയോഗ അങ്കണത്തിൽ നടന്ന നാട്ടു ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ റോസ്മി ജോബി നിർവഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ നിസ ലത്തീഫ് , കൃഷി അസിസ്റ്റന്റ് എ.ജെ. അലക്സ് റോയി, തളിർ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, സാവിച്ചൻ പാംപ്ലാനിയിൽ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജസ്റ്റിൻ മണ്ഡപത്തിൽ, അനിൽകുമാർ മഞ്ചക്കഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.എല്ലാ വ്യാഴാഴ്ചയും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വരെയാണ് നാട്ടുചന്ത.