പേരാമ്പ്ര: ദീപിക വാർത്ത വന്നു മൂന്നു ദിവസത്തിനകം നടപടിയായി. ചെമ്പനോടയിലെ തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടിയുടെ കൃഷിയിടത്തിലേക്കു വാനരസംഘം എത്തുന്ന മരഭാഗങ്ങൾ ഇന്നലെ വനപാലകരുടെ നേതൃത്വത്തിൽ മുറിച്ചു.
മൂത്തേട്ടുപുഴയുടെ അരികിൽ വനഭാഗത്തു നിന്ന മരത്തിന്റെ അഗ്രം പുഴയിലേക്കു നീണ്ടനിലയിലായിരുന്നു. ഏലിക്കുട്ടിയുടെ കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങിലൊന്നു മരവുമായി ബന്ധപ്പെട്ടാണു നിന്നിരുന്നത്. കാട്ടിൽ നിന്നു കുരങ്ങൻമാർ മരത്തിലൂടെ തെങ്ങിൽ പ്രവേശിച്ചു കൃഷിയിടത്തിൽ നാശമുണ്ടാക്കുകയായിരുന്നു.
തുരത്താൻ ശ്രമിച്ച ഏലിക്കുട്ടിയെ കായ്കളും മറ്റും കൊണ്ട് എറിഞ്ഞു ഉപദ്രവിക്കാൻ തുടങ്ങി. ആൺവേഷം കെട്ടിയാണു അവർ കുരങ്ങുകളിൽ നിന്നു രക്ഷപ്പെട്ടിരുന്നത്.
രണ്ടുവർഷമായി ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം വനപാലകരോടു പലതവണ പറഞ്ഞെങ്കിലും അവർ വേണ്ടത്ര ഗൗരവം നൽകിയില്ല.
ഏലിക്കുട്ടിയുടെ ദുഃഖം കഴിഞ്ഞ ദിവസം ദീപികയിൽ വാർത്തയായതോടെ കാര്യത്തിനു തീരുമാനമായി. വാർഡ് അംഗം സെമിലി സുനിൽ, സംയുക്ത കർഷക സമിതി നേതാക്കളായ ജോർജ് കുംബ്ലാനി, രാജേഷ് തറവട്ടത്ത്, മാത്യു തേരകം, ചെമ്പനോടയിലെ കർഷക നേതാവ് കെ.എ. ജോസ് കുട്ടി എന്നിവർ സ്ഥലം സന്ദർശിച്ചു.