കൊട്ടാരക്കര : ന്യൂസിലൻഡിൽ പന്നിയിറച്ചി കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ അബോധാവസ്ഥയിലായ കുടുംബത്തിലെ വൃദ്ധ മാതാവിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ 10 ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ താമസിക്കുന്ന കൊട്ടാരക്കര നീലേശ്വരം ഷിബു സദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32)ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ (65)എന്നിവർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത് . പന്നി ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായി ഇവർ ന്യൂസിലാൻഡിൽ ചികിത്സയിൽ കഴിയുകയാണ്.
മക്കളായ നെസിയ (ഏഴ്), ജവാന(ഒന്ന്) എന്നിവർക്ക് വിഷബാധ യുണ്ടായിട്ടില്ല. സംഭവമറിഞ്ഞ് ഷിബുവിന്റെ സഹോദരി ഷീനയും സുബിയുടെ സഹോദരൻ സുനിലും ന്യൂസിലൻഡിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയാണ് ഇവർ ന്യൂസിലാൻഡിലേക്ക് പുറപ്പെട്ടത്. പത്ത് ദിവസമായി നടന്നു വരുന്ന ചികിത്സയിൽ ഏലികുട്ടിക്ക് ചെറിയ പുരോഗതി കണ്ടു തുടങ്ങിയതായി നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം ലഭിച്ചു . ഹാമിൽട്ടണിലെ വൈക്കാട്ടോ ആശുപത്രിയിലാണ് ഇവർ ഇപ്പോൾ ചികിത്സയിൽ ഉള്ളത്. അപൂർവമായ ബോട്ടുലിസം എന്ന വിഷബാധയാണ് ഏറ്റിരിക്കുന്നതെന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് കിട്ടിയ വിവരം.
കുട്ടികൾ ഇപ്പോൾ ഹാമിൽട്ടൻ മാർത്തോമ്മാ കോൺഗ്രിഗേഷൻ സംഘടനയുടെ സംരക്ഷണത്തിലാണ്. ന്യൂസിലൻ ഡിലുള്ള മലയാളി സംഘടനകളാണ് ചികിത്സയ്ക്കുള്ള സഹായങ്ങൾ ചെയ്യുന്നത്. ഷിബുവിനും ഭാര്യ സുബിക്കും ന്യൂസിലാൻഡിൽ ചികിത്സാ സൗജന്യമായി ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിലും സന്ദർശന വിസയിലെത്തിയ ഏലികുട്ടിയുടെ ചികിത്സയ്ക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.
ന്യൂസിലൻഡിലുള്ള മലയാളി സംഘടനകൾ ഇവർക്കായി ചികിത്സ സഹായനിധി രൂപീകരിച്ചതായും ബന്ധുക്കൾ പറഞ്ഞു. ചികിത്സയിൽ നേരിയ പുരോഗതി കണ്ടു തുടങ്ങിയ ഏലിക്കുട്ടി കൊച്ച് മക്കളുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. കുട്ടികളെ നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഷിബുവിന്റെ സഹോദരി ഭർത്താവ് അനീഷ് പറഞ്ഞു.