എം.സുരേഷ്ബാബു
ഉത്സവഘോഷയാത്രകളിൽ തലയെടുപ്പോടെ അണിനിരന്നിരുന്ന ഗജവീരൻമാരുടെ പ്രൗഢി ഓർമ്മയായിട്ട് രണ്ട ് വർഷം പിന്നിട്ടു.
ആളും ആരവവും ഒഴിഞ്ഞ ഉത്സവ വേദികളിൽ നിന്നും ആനയെയും അന്പാരിയെയും കോവിഡ് കാലം പടിയിറക്കി വിട്ടു.
രണ്ട ് വർഷക്കാലമായി ഘോഷയാത്രകളും എഴുന്നള്ളത്തും നിലച്ചിരിക്കുകയാണ്.
ഇപ്പോൾ വീട്ടുമുറ്റങ്ങളിൽ തളച്ചിട്ടിരിക്കുന്ന ഗജവീരൻമാർക്ക് അന്നമൂട്ടാനും പരിപാലിക്കാനും വഴികാണാതെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ആന ഉടമകളും പാപ്പാൻമാരും.
അതിജീവിനത്തിനുള്ള ശ്രമത്തിൽ
സംസ്ഥാനത്തെ 250 ൽ പരം ആന ഉടമകൾ കോവിഡ് കാലം നൽകിയ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കഠിനപരിശ്രമത്തിലാണ്.
ആന ഉടമയും തൃശൂർ ജില്ലയിലെ ചിറ്റിലപ്പള്ളി സ്വദേശിയുമായ ശ്രീധരൻ ചിറയ്ക്കലിന് ചെറുപ്പകാലം മുതലേ ആനകളോട് ഏറെ സ്നേഹമായിരുന്നു.
ശ്രീധരന് സ്വന്തമായി ആനകളെ വാങ്ങി പരിപാലിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് 2008 കാലയളവിൽ ഒരു ആനയെ വാങ്ങി.
പിന്നീട് നാല് ആനകളെ വരെ വാങ്ങാൻ സാധിച്ചു. അഞ്ച് വർഷം മുന്പ് ഒരാന ചരിഞ്ഞു. നിലവിൽ മൂന്ന് ആനകളുടെ ഉടമയാണ്. ശബരീനാഥൻ, ശ്രീപത്മനാഭൻ, ഗണേശൻ എന്നീ പേരുകളാണ് ആനകൾക്ക് നൽകിയിരിക്കുന്നത്.
നിസാരമല്ല ചെലവ്
കോവിഡ് കാലത്ത് ഉത്സവ ഘോഷയാത്രകൾക്ക് നിലയ്ക്കുകയും ആചാരപരമായ ചടങ്ങുകൾ മാത്രമായി മാറുകയും ചെയ്തത് ശ്രീധരനെ പോലുള്ളവർക്ക് തിരിച്ചടിയായി.
ഒരു ആനയ്ക്ക് ഭക്ഷണത്തിന് പ്രതിദിനം 2500 രൂപയോളം ചെലവ് വരും. രണ്ട ് പാപ്പാൻമാരാണ് ഒരു ആനയുടെ കാര്യങ്ങൾ നോക്കുന്നത്.
രണ്ട ് പേർക്കുമായി പ്രതിമാസം 35000 മുതൽ 40000 രൂപ വരെ നൽകേണ്ട തുണ്ട ്. കഴിഞ്ഞ രണ്ട ് വർഷക്കാലമായി ഘോഷയാത്രകളും എഴുന്നള്ളത്തും ഇല്ലാതായതോടെ വരുമാനം നിലച്ചു.
എങ്കിലും ആനകളെ പരിപാലിക്കുന്നതിൽ ശ്രീധരൻ വീഴ്ച വരുത്തിയിട്ടില്ല. മൂന്ന് ആനകളെയും ആറ് പാപ്പാൻമാരുടെയും പരിപാലന ചെലവ് ഭീമമായ തുകയാണ്.
കടം വാങ്ങിയെല്ലാമാണ് കാര്യങ്ങൾ കൊണ്ട ് പോകുന്നത്. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ശ്രീധരനും കുടുംബവും ആനകളെ പരിപാലിക്കുന്നത്.
പ്രതിസന്ധികളും ബാധ്യതകളും ആനകളുടെ കാര്യത്തിൽ കാര്യമാക്കാതെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്.
ഒന്നിനും കുറവില്ലാതെ
ദുരിതകാലം മാറി ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും നല്ല ദിനരാത്രങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ആനകളുടെ ആരോഗ്യകാര്യത്തിലും ശ്രീധരൻ ശ്രദ്ധാലുവാണ്. മാസം തോറും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെ വിളിച്ച് ആനകളുടെ ആരോഗ്യസ്ഥിതിയും നോക്കാറുണ്ട ്. ഒരു വർഷത്തിൽ അഞ്ച് മാസമാണ് ഉത്സവ സീസണ്. ഘോഷയാത്രകളും എഴുന്നള്ളത്തുമായി പ്രതിവർഷം 75 എണ്ണമാണ് കിട്ടികൊണ്ടിരുന്നത്. കോവിഡ് കാലം അതെല്ലാം തകർത്തു. 65 മുതൽ 70 വയസ് വരെയാണ് ആനയുടെ ആയുർ ദൈർഘ്യം. 15 മുതൽ 20 വരെ ആനപട്ടയാണ് ആനയ്ക്ക് ഭക്ഷണത്തോടൊപ്പം കൊടുക്കുന്നത്. ചോറ്, അവൽ, ചോളം, വെള്ളരിക്ക, തണ്ണിമത്തൻ, ഈന്തപ്പഴം എന്നിവയാണ് ഭക്ഷണമായി നൽകുന്നത്.
പ്രതീക്ഷയോടെ കാത്തിരിപ്പ്
സാന്പത്തിക ലാഭം നോക്കാതെ ആനകളോടുള്ള പ്രേമം കാരണമാണ് കൂടുതൽ പേരും ആനകളെ വാങ്ങി പരിപാലിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരു തവണ മാത്രം സർക്കാരിൽ നിന്നും സഹായം കിട്ടി. 20,000 രൂപയോളം വിലപിടിപ്പ് വരുന്ന ഭക്ഷ്യധാന്യകിറ്റ് കോവിഡിന്റെ ആദ്യകാലത്ത് ലഭിച്ചിരുന്നു. പിന്നീട് ഒന്നും ലഭിച്ചില്ല.
ക്ഷേത്രങ്ങളിലെ ദേവി-ദേവൻമാരുടെ തിടന്പുകൾ തലയെടുപ്പോടെ അണിഞ്ഞിരുന്ന ഗജവീരൻമാർ ഇന്ന് വിശ്രമത്തിലാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെ എഴുന്നള്ളത്ത് കാലം വൈകാതെ എത്തുന്നതും കാത്ത് പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ശ്രീധരനെപോലെയുള്ള ആനഉടമകൾ. എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ തൃശൂർ മേഖലാ സെക്രട്ടറി കൂടിയാണ് ശ്രീധരൻ.
(തുടരും)