സ്വന്തം ലേഖകൻ
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ മുന്നൂറ് ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഗജോത്സവം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച സുരക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്തതിന് ശേഷം മാത്രമാകും അന്തിമതീരുമാനമെന്നും മന്ത്രി പറഞ്ഞു.
കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുനൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു.
പൂരത്തിനും ഉത്സവത്തിനുമെല്ലാം ആനകൾ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് ആന എഴുന്നള്ളിപ്പുകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ഉത്സവസംസ്കാരം നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിന് വേണ്ടിയാണെന്നും അതിനുള്ളിൽ നിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണ് പ്രശ്നമായതെന്നും മന്ത്രി കടകംപിള്ളി ചൂണ്ടിക്കാട്ടി.
മേയർ അജിത വിജയൻ വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്ക് നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി.പണിക്കർക്കും മാതംഗ ജീവതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനും സമ്മാനിച്ചു.
കേരളത്തിലെ ഏറ്റവും നല്ല ആനപാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിന് സമ്മാനിച്ചു.ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ.സുന്ദർമേനോൻ ആദരിച്ചു.
ആനകളിൽ നിന്നും അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്ന പാപ്പാ·ാർക്കുള്ള സഹായവിതരണം, അവശത അനുഭവിക്കുന്ന ആനത്തൊഴിലാളികൾക്കുള്ള ധനസഹായവിതരണം, കേരളത്തിലെ മുതിർന്ന ആന ഉടമകളെ ആദരിക്കൽ, ആനപ്രേമി സംഘടനകളെ ആദരിക്കൽ, മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരേയും കേളത്ത് അരവിന്ദാക്ഷൻ മാരാരേയും ആദരിക്കൽ, പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എലിഫന്റ് സ്ക്വാഡ് അംഗങ്ങളെ ആദരിക്കൽ, മുതിർന്ന ആന ഡെക്കറേഷൻ ഏജന്റിനേയും ആനതൊഴിലാളികളെയും ആദരിക്കൽ, ആന ഉടമകൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, കലണ്ടർ പ്രകാശനം, വെബ്സൈറ്റ് ഉദ്്ഘാടനം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് നടന്നു.കിഴക്കൂട്ട് അനിയൻമാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും നയിക്കുന്ന പാണ്ടിമേളവുമുണ്ടായി.