എടക്കര: പഞ്ചസാര മധുരം നുകരാൻ ആനകൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളിൽ ഭീതിയുയർത്തുന്നു. നാടുകാണി ചുരത്തിൽ അഗ്നിക്കിരയായ ലോറി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
നാടുകാണി ചുരത്തിലെ ഒന്നാം വളവിന് മുകളിലാണ് സദാസമയവും ആനക്കൂട്ടമുള്ളത്. കുട്ടികൾ ഉൾപ്പെടുന്ന ആറ് ആനകളാണ് രാപകൽ വ്യത്യാസമില്ലാതെ ചുരം റോഡിൽ തന്പടിച്ചിരിക്കുന്നത്.
രണ്ട് മാസം മുന്പ് ഒന്നാം വളവിന് മുകളിൽ അഗ്നിക്കിരയായ പഞ്ചസാര ലോറിയിലേക്കാണ് ആനക്കൂട്ടം കൂസലൊന്നുമില്ലാതെ എത്തുന്നത്.
അഗ്നിക്കിരയായ ലോറിയിലെ അവശേഷിക്കുന്ന പഞ്ചസാര ഉരുകിയൊലിക്കുന്ന ലായനി കുടിക്കാനാണ് ആനക്കൂട്ടമെത്തുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വാഹനങ്ങളും സഞ്ചാരികളും കുറവാണ്.
വല്ലപ്പോഴുമെത്തുന്ന യാത്രക്കാർക്ക് ഭീഷണിയാണ് ആനക്കൂട്ടം. തീപിടിച്ച ലോറിയിലെ പഞ്ചസാര ലായനി നിലന്പൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം വെള്ളമൊഴിച്ച് കളഞ്ഞിരുന്നെങ്കിലും അവശേഷിച്ച പഞ്ചസാരയാണ് ഇപ്പോൾ ആനക്കൂട്ടത്തെ ആകർഷിക്കുന്നത്.
ഇൻഷ്വറൻസ് കന്പനി ഇടപെട്ട് ചുരത്തിൽ നിന്നും വാഹനം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുപുറമെ, ഒന്നാം വളവിന് താഴെയുള്ള ജനവാസ കേന്ദ്രങ്ങളിലും ആനക്കൂട്ടത്തിന്റെ സാന്നിധ്യം ഭീതിയുയർത്തുന്നുണ്ട്.
ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നതും പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.