പേരാമ്പ്ര: പ്ലാന്റേഷന് കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാന പ്രസവിച്ചു. പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ തീരപ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന പ്രസവിച്ചത്. രാവിലെ എസ്റ്റേറ്റിന്റെ 22 ഏരിയയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികള്‍ ആനക്കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അതേസമയം തള്ളയാനെയെ പരിസരത്തൊന്നും കണ്ടില്ല. ആളുകളുടെ ശബ്ദം കേട്ടതോടെ ആനക്കുട്ടി ഓടി സമീപത്തുള്ള വെള്ളത്തിലേക്ക് ചാടി. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ ആനക്കുട്ടിയെ കരക്കെത്തിച്ച് ശുശ്രൂഷ നല്കി. കുന്നിന് ചെരിവിലാണു പ്രസവം നടന്നത്. അതിനാല്‍ ആനകുട്ടിയെ കയറ്റിക്കൊണ്ടു പോകാനുള്ള ശ്രമം വിജിയിക്കാത്തതിനാലാണ് തള്ളയാന മാറി നില്‍ക്കുന്നതെന്നാണു പറയുന്നത്.
ആനക്കൂട്ടം അല്‍പ്പമകലെയായി നിലയുറപ്പിച്ചിട്ടുണ്ട്. ആളുകളൊഴിഞ്ഞാല് ആനക്കൂട്ടം തന്നെ കുട്ടിയെ രക്ഷിച്ചു കൊണ്ടു പോകുമെന്നു സ്ഥലത്തെത്തിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന പ്രസവം കാരണം 22 ഏരിയ മേഖലയില്‍ ഇന്നത്തെ റബര്‍ ടാപ്പിംഗ് മുടങ്ങി. എല്ലാവരും ആനക്കുട്ടിയോടൊപ്പമാണ്.