രാജകുമാരി: വനത്തിനുള്ളിൽ പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കുട്ടിക്കൊന്പന്റെ അമ്മയുടേതാണ് ജഡമെന്നു കരുതുന്നു. ഇന്നലെ ഉച്ചയോടെ ചിന്നക്കനാലിൽനിന്ന് ഒരുകിലോമീറ്റർ അകലെ മരപ്പാലത്തിനുസമീപം മലഞ്ചെരിവിൽ കുറ്റിക്കാടും പാറക്കെട്ടും നിറഞ്ഞ ഭാഗത്താണ് ആനയുടെ ജഡം കണ്ടത്. നാട്ടിലിറങ്ങിയ കുട്ടിയാനയുടെ അമ്മയെ അന്വേഷിച്ച് വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് 25 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിനു മൂന്നുദിവസം പഴക്കമുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ സി.എസ്. ജയകുമാർ, ഡോ. അബ്ദുൾ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള ആനയുടെ ജഡം പോസ്റ്റുമോർട്ടം നടത്തി.
വീഴ്ചയുടെ ആഘാതത്തിലുണ്ടായ മുറിവുകളാണ് മരണകാരണമായതെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം ജഡം വനത്തിൽത്തന്നെ ദഹിപ്പിച്ചു.
അമ്മയെ നഷ്ടമായ കുട്ടിയാനയെ സിമന്റുപാലത്തെ താൽക്കാലിക കൂട്ടിൽ താമസിപ്പിക്കുമെന്നും ഇതിനിടെ തള്ളയാനയുടെ സംഘത്തിലുണ്ടായിരുന്ന മറ്റാനകളെത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോയില്ലെങ്കിൽ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മൂന്നാർ ഡിഎഫ്ഒ നരേന്ദ്രബാബു പറഞ്ഞു.
ദേവികുളം റേഞ്ച് ഓഫീസർ നിബു കിരണിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്ത് ക്യാന്പുചെയ്യുകയാണ്.