കോഴഞ്ചേരി: പാര്‍വതി എന്ന പിടിയാനയുടെ പുറത്ത് കയറി മദ്യലഹരിയില്‍ വന്ന പാപ്പാന് റോഡരികിലേക്ക് വീണപ്പോള്‍ നാട്ടുകാരെ പാപ്പാന്റെ അടുത്തേക്ക് അടുപ്പിക്കാതെ ചേര്‍ന്ന് നിന്ന പിടിയാന കൗതുകം ഉളവാക്കി.
ചെറുകോല്‍ സ്വദേശി അയ്യപ്പന്‍കുട്ടി കോട്ടപ്പാറയുടേതാണ് ആരുമായും ഇണങ്ങുന്ന സൗമ്യവതിയായ പാര്‍വതി എന്ന ആന. ഇന്നലെ വൈകുന്നേരം അഞ്ചോടെ ടികെ റോഡില്‍ പുല്ലാട് ഭാഗത്ത് നിന്ന് കോഴഞ്ചേരിക്ക് നടന്നുവന്ന ആനയുടെ പുറത്തുനിന്ന് മണിമല സ്വദേശിയായ പാപ്പാന് താഴെ റോഡരികിലേക്കു വീണു.
ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ട് നാട്ടുകാര്‍ പിന്നാലെ കൂടിയിരുന്നു. നാട്ടുകാര്‍ കോയിപ്രം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. ഇതോടെ പാര്‍വതി പാപ്പാന് ഒപ്പം ചേര്‍ന്ന് നിന്നു.
നാട്ടുകാര്‍ പാപ്പാനെ ആക്രമിക്കുമോയെന്ന ചിന്തയിലായിരുന്നു പിടിയാന. പാര്‍വതിയെ പരിചയമുളളവര്‍ ഉടന്‍ തന്നെ ഉടമയെ വിളിച്ച് വിവരം പറഞ്ഞു.
മിനിറ്റുകൾക്കുളളില്‍ ഉടമയെത്തിയപ്പോള്‍ തുമ്പിക്കൈ നീട്ടി സന്തോഷം പ്രകടിപ്പിച്ച പാര്‍വതിയെ അദ്ദേഹം നടത്തി അടുത്ത പറമ്പിലേക്ക് മാറ്റിക്കെട്ടി.
ഈ സമയത്ത് കാലിലെ ചങ്ങല പാപ്പാന് അഴിച്ച് മാറ്റിയിട്ടും പാര്‍വതി നിന്ന സ്ഥലത്ത് നിന്ന് അനങ്ങുകയോ തടിച്ച് കൂടിയ നൂറുകണക്കിനാളുകളോട് കുറുമ്പ് കാട്ടുകയോ ചെയ്തില്ലെന്നതും ശ്രദ്ധേയമായി.