ചെങ്ങന്നൂര്‍: ദേവിയുടെ തൃപ്പൂത്ത് ആറാട്ട് എഴുന്നള്ളിപ്പിനിടെ ആനയുടെ കണ്ണില്‍ ലേസര്‍ രശ്മി അടിച്ച് വിറളി പിടിപ്പിക്കാൻ ശ്രമം.
ആറാട്ടു കഴിഞ്ഞു ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു കിഴക്കേ ഗോപുരവാതിലിനു സമീപത്തെത്തിയപ്പോഴാണ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരന് ഓമല്ലൂര്‍ മണികണ്ഠന്റെ മുഖത്തേക്കും കണ്ണിലേക്കും ലേസര്‍ രശ്മി അടിപ്പിച്ചത്.
ഈ സമയം ആന രണ്ടു മൂന്നു പ്രാവശ്യം തല ഉയര്‍ത്തി അസ്വസ്ഥത കാട്ടിയിരുന്നു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞു.
ഒപ്പമുണ്ടായിരുന്നവർ കാര്യമറിയാതെ ആശങ്കയിലായി. തുടര്‍ന്ന് പാപ്പാന് ആനയെ അനുനയിപ്പിച്ചു. അല്പസമയം കഴിഞ്ഞതിനു ശേഷമാണ് ആന ഗോപുരവാതിലില്‍ പ്രവേശിച്ചത്.
പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയങ്ങളില്‍ വ്യാപകമായതോടെയാണ് അധികൃതര്‍ വിവരമറിഞ്ഞത്.
ചിലർ ഉത്സവം അലങ്കോലപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉപദേശക സമിതി ആരോപിച്ചു.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും, വനം വകുപ്പിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും പരാതി നല്‍കിയതായി ഉപദേശകസമിതി പ്രസിഡന്റ് എസ്.വി.പ്രസാദ്,
സെക്രട്ടറി കെ.കെ. വിനോദ്കുമാർ, ജനല്‍ കണ്‍വീനര്‍ ഷൈജു വെളിയത്ത് എന്നിവര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.