ദുഃഖത്തിന്‍റെ ആഴത്തെ സൂചിപ്പിക്കാന്‍ കടലോളം എന്നൊരു പ്രയോഗമുണ്ട്. അതിനെ അന്വര്‍ഥമാക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളിലെ ഒരു തേയില തോട്ടത്തില്‍ കണ്ടത്.
തന്‍റെ കുഞ്ഞിന്‍റെ ജഡം താഴെ വയ്ക്കാതെ രണ്ടു ദിവസത്തോളമാണ് ഒരു തള്ളയാന ചുമന്നുകൊണ്ട് നടന്നത്.
അതും ഏഴു കിലോ മീറ്ററിലധികമാണ് ഈ ആന നടന്നത്. മുപ്പതോളം ആനകള്‍ ഈ ആനയെ അനുഗമിക്കുകയും ചെയ്തു.
ബംഗാളിലെ ജല്‍പൈഗുരിയിലെ ജില്ലയിലെ അംബാരി തേയില എസ്റ്റേറ്റിലാണ് ഈ കരളലിയിക്കുന്ന കാഴ്ചയുണ്ടായത്.
തന്‍റെ കുഞ്ഞിന്‍റെ ജഡം തുമ്പിക്കൈയിലെടുത്താണ് അമ്മയാന അലഞ്ഞത്. കുഞ്ഞിന്‍റെ ചേതനയറ്റ ശരീരം ഒന്നു താഴെവയ്ക്കാന്‍ പോലും അത് തയാറായില്ല.
ആനയുടെ ഈ ദുഃഖം കണ്ടുനിന്നവരുടെ പോലും കരളലിയിച്ച ഒന്നായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വിട്ടിട്ട് ആനക്കൂട്ടം കാടുകയറിയത്.
വെള്ളിയാഴ്ചയാണ് കുഞ്ഞാന ചെരിഞ്ഞതെന്നാണ് അനുമാനം. എന്നാല്‍ മരണ കാരണം ഇതുവരേയും അറിയില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അന്‍ഷു ജാദവ് വ്യക്തമാക്കുന്നത്.