കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ പതിനൊന്നു മാസത്തിനിടയില്‍ ചരിഞ്ഞത് 25 നാട്ടാനകള്‍.
ആനകള്‍ക്കുള്ള നേരേയുള്ള പീഡനം, രോഗബാധിതരായ ആനകള്‍ക്കു കൃത്യസമയത്തു ചികിത്സ ലഭിക്കാത്ത അവസ്ഥ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലായ്മ ഇവയെല്ലാം ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നു.
2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018 ല്‍ മൂന്ന് ആനകളും 2019, 2020 കാലഘട്ടത്തില്‍ 20 വീതം ആനകളും ചെരിഞ്ഞു.
ഇന്നലെ പുലര്‍ച്ചെ മംഗലാകുന്ന് ടിന്റുമോന് എന്ന 50കാരനായ ആനയെ പാലക്കാട്ട് തളച്ചിരുന്ന സ്ഥലത്തു ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോട്ടയത്തുനിന്നു ജോലിക്കായി ഈ ആനയെ പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്. ഇതോടെ ഈ വര്‍ഷം നവംബര്‍ 23 വരെ ചരിഞ്ഞ ആനകളുടെ എണ്ണം 25 ആയി. ഇതോടെ നിലവില്‍ സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 453 ആയി.
ചരിഞ്ഞ നാട്ടാനകൾ
2021 ജനുവരി 28ന് പാലക്കാട്ട് മംഗലാകുന്ന് കണ്ണന്(62 വയസ്), തൃശൂരില്‍ കെ.ആര്. ശിവപ്രസാദ്(42), മാര്‍ച്ച് 29ന് ഗുരുവായൂരില്‍ ഗുരുവായൂര്‍ സീനിയര്‍ കേശവന്(58),
ഏപ്രില്‍ അഞ്ചിന് കോട്ടയത്ത് കിരണ്‍ ഗണപതി(32), ഏപ്രില്‍ എട്ടിന് ആലപ്പുഴയില്‍ അമ്പലപ്പുഴ വിജയകൃഷ്ണന്(38), ഏപ്രില്‍ ഒമ്പതിന് തൃശൂരില്‍ കളരിക്കാവ് അമ്പാടിക്കണ്ണനും(20)
ഏപ്രില്‍ 14-ന് എറണാകുളത്ത് കുമ്പളം മണികണ്ഠന്(40), വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നി മണികണ്ഠനും ചരിഞ്ഞു.
മേയ് 30ന് തിരുവനന്തപുരത്ത് മതിലകം ദര്‍ശിനി(50),മേയ് 31ന് എറണാകുളത്ത് കുഴൂര്‍ സ്വാമിനാഥന്(48), ജൂണ്‍ ഒമ്പതിന് പാലക്കാട്ട് മണിശേരി രഘുറാം(52),
ജൂണ്‍ 28ന് കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ കോട്ടൂര്‍ ശ്രീക്കുട്ടി(രണ്ട്), ജൂണ്‍ 29ന് എറണാകുളത്ത് ചോറ്റാനിക്കര സീത(52),
ജൂലൈ മൂന്നിന് ഗുരുവായൂരില്‍ ഗുരുവായൂര്‍ സീനിയര്‍ മാധവന്‍കുട്ടി(47), ജൂലൈ ആറിന് കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ കോട്ടൂര്‍ അര്ജുന്(രണ്ട്),
ജൂലൈ 11-ന് കോഴിക്കോട് അക്കരമേല്‍ ലൈല(40), ജൂലൈ 27-ന് തൃശൂരില്‍ പാഴൂര്‍ മന ഗോപാലന്(62), ജൂലൈ 31-ന് കോഴിക്കോടില്‍ ബാലുശേരി ജഗദംബിക(38) എന്നിവയെയും കേരളത്തിനു നഷ്ടമായി.
ഓഗസ്റ്റ് 26ന് കോട്ടയത്ത് ചാന്നനിക്കാട് അയ്യപ്പന്‍കുട്ടി(52), ഒക്ടോബര്‍ 14ന് കണ്ണൂരില്‍ കൊട്ടിയൂര്‍ ചന്ദ്രശേഖരന്(50), ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് അയിരൂര്‍ ചിലങ്ക വാസുദേവന്‍(50), ഒക്ടോബര്‍ 22-ന് തിരുവനന്തപുരത്ത് ശ്രീവിജയം കാര്ത്തികേയന്(47), ഒക്ടോബര്‍ 28ന് വാഴയില്‍ അനില്‍ ബാബു(48) എന്നീ ആനകളാണ് ചരിഞ്ഞത്.
ഉത്തരവിൽ അട്ടിമറി
സംസ്ഥാനത്തിന്റെ പലേടങ്ങളിലും അനുമതിയില്ലാതെ ആനകളെ മാറ്റിപ്പാര്‍പ്പിക്കുകയും തൊഴിലെടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഇത്തരം പരാതികള്‍ ഉണ്ടായാല്‍ വനംവകുപ്പ് അന്വേഷണം പരാതി വ്യാജമാണെന്നു റിപ്പോര്‍ട്ടു നല്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
2018ല്‍ 34 നാട്ടാനകള്‍ ചെരിഞ്ഞതിനെത്തുടര്‍ന്ന് ഒരാഴ്ചയില്‍ കൂടുതല്‍ ആനയ്ക്ക് അസുഖം ബാധിച്ചു കിടന്നാല്‍ ജില്ലയിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ ഇതുസംബന്ധിച്ചു വിവരശേഖരണം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.
അസുഖ ബാധിതരായ ആനകളുടെ കണക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനെ അറിയിച്ചാല്‍ അദേഹത്തിന്റെ നേതൃത്വത്തില്‍ മൃഗഡോക്ടര്‍മാരുടെ സമിതി ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവ് വന്നിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ വന്ന ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി പറയപ്പെടുന്നു.
സര്‍ട്ടിഫിക്കറ്റില്ല
നിലവില്‍ ആന ഉടമകള്‍ എന്നു പറയുന്ന പലര്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല. 2018ലെ സെന്‍സസ് പ്രകാരം ആനയെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തല്ല പല ആനകളും ചരിയുന്നത്.
കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് എഴുന്നള്ളത്തിനും തടിയെടുപ്പിക്കലിനുമായി പല ജില്ലകളിലേക്കും ആനയെ മാറ്റുകയാണ് പതിവ്.
തുടര്‍ന്ന് 2021 മാര്‍ച്ചില്‍ 15 ദിവസത്തില്‍ കൂടുതല്‍ ഒരാനയെ മറ്റു സ്ഥലത്തേക്കു മാറ്റാന്‍ പാടില്ലന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് വന്നിരുന്നു.
ആ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. 2015 ഓഗസ്റ്റ് 18ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എല്ലാ ആനകളെയും ബില്‍ഡിംഗ് ലൈസന്‍സോടു കൂടിയ ഷെഡില്‍ പാര്പ്പിക്കണമെന്നുണ്ട്.
പല ആനകളെയും പറമ്പില്‍ തളയ്ക്കുകയാണ് പതിവ്. ഇവയുടെ കാലുകളില്‍ തണുപ്പ് അടിച്ചാല്‍ അതു തലച്ചോറിനെ ബാധിക്കും.
ഇതു വാതമായി മാറി ആന ചരിയും. വാതം വന്നാല്‍ ആന ഭക്ഷണം എടുക്കാന്‍ കൂട്ടാക്കില്ല. ഇങ്ങനെ ആന ചരിഞ്ഞാലും ഹൃദയാഘാതം എന്നാണ് ഡോക്ടര്‍മാര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
പരിശോധനാ സൗകര്യം
ആന ചരിഞ്ഞാൽ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ 30,000 രൂപ സര്‍ക്കാരില്‍ അടച്ചാല്‍ അവരുടെ സ്ഥലത്ത് ദഹിപ്പിക്കുന്നതിനായി കുഴിയെടുത്തു നല്‍കും. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ആനയെ ദഹിപ്പിക്കുന്നതിന് 2,000 രൂപ മതിയാകും.
ഇത്തരം സാഹചര്യങ്ങളില്‍ ആന ഉടമയെന്ന് അവകാശപ്പെടുന്ന ആള് സ്ഥലത്തുണ്ടാവില്ല. അതിനാല്‍ത്തന്നെ ആളെ പിന്നെ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ ആനയെ ദഹിപ്പിക്കുകയാണ് പതിവ്.
ആനക്കൊമ്പ് വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോകും. എന്തു കാരണത്താല്‍ ആന ചത്തുവെന്ന് അറിയാനുള്ള ആന്തരിക ശ്രവങ്ങളുടെ പരിശോധന നടത്താനുള്ള ലാബും ഇവിടെയില്ല.
ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി ലാബിലാണ് ഇതിനുള്ള സൗകര്യമുള്ളത്. അതുമൂലം തന്നെ ആന ചത്താല്‍ ശാസ്ത്രീയ രേഖകള്‍ ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.
ആനയെ കൊന്നാല്‍ എട്ടുവര്‍ഷം വരെ തടവും രണ്ടര ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നാണ് വന്യജീവി നിയമത്തില്‍ ഉള്ളത്.
ഇത്രയും ആനകള്‍ ചരിഞ്ഞിട്ടില്ലെന്നും ഇതു സംബന്ധിച്ചു സംസ്ഥനത്ത് ഒരു കേസുപോലും ഇല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.