തൃശൂർ: ഉത്സവങ്ങളോടനുബന്ധിച്ച് ജില്ലയിലെ ആനകളുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ഈ മാസം 20നുള്ളിൽ പൂർത്തിയാക്കണമെന്നു കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി.
കളക്ടറുടെ ചേംബറിൽ ചേർന്ന നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിനു കൊണ്ടുപോകുന്ന ആനകളുടെ ഡാറ്റാബാങ്ക് കൃത്യമായി ഉടമകൾ സൂക്ഷിക്കണം.
ആനകളെ എഴുന്നള്ളിപ്പിനു കൊണ്ടുവരുന്പോൾ ഒരാഴ്ചയിലെ ആനയുടെ സഞ്ചാര രജിസ്റ്റർ പാപ്പാന്മാർ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം.
നിലവിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ സംസ്ഥാനതലത്തിൽ കമ്മിറ്റി രൂപീകരിക്കുന്നതിന് ജില്ലയിലെ മന്ത്രിമാരുമായി സംസാരിക്കുമെന്നും കളക്ടർ പറഞ്ഞു.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിർത്തുന്പോൾ മൂന്നുമീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ ഉപയോഗിക്കണമെന്നും തീരുമാനമായി.
ചൂടു കൂടുതലുള്ള സാഹചര്യങ്ങളിൽ ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
ആനപ്പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്നു മനസിലാക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചു.
എസിഎഫ് പി.എം. പ്രഭു, എസ്ഐ കെ. കൃഷ്ണകുമാർ, എഡബ്ല്യൂ സിഐ നോമിനി എം.എൽ. ജയചന്ദ്രൻ, കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വത്സൻ ചെന്പക്കര, സംസ്ഥാന ആനത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി.എം. സുരേഷ്, ഫയർ ആൻഡ് റസ്ക്യൂ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കും
തൃശൂർ: ഒരു വർഷമായി വിലക്കു തുടരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതിനും ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു.
വെറ്ററിനറി ഡോക്ടർമാരായ ഡോ. ശ്യാം വേണുഗോപാൽ, ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. സോജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 15നു തീരുമാനം അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.