തിരുവനന്തപുരം: ലിത്വനിയ സ്വദേശി ലിഗയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് ആവർത്തിച്ച് സഹോദരി ഇലിസ. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു.
കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലിസ പറഞ്ഞു. ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തൽ കെട്ടുകഥയെന്നും ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് പറഞ്ഞു. ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്.
അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സമയം എടുത്തായാലും സത്യം കണ്ടെത്തും. കൂടുതൽ പരിശോധനകൾക്കായി വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.