നിലന്പൂർ: കഴിഞ്ഞ എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ പാതാർ മേഖല ഒന്നാകെ ഒലിച്ചുപോയപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൈനാടത്ത് ദേവസ്യയുടെ ഭാര്യ എൽസമ്മയ്ക്കും ചെറുപറന്പിൽ നസീറിനും നടുക്കം മാറുന്നില്ല.
എൽസമ്മയുടെ തലവരെ വെള്ളത്തിൽ മുടിയപ്പോൾ നെഞ്ചോളം വെള്ളത്തിലായ നസീറും അത്ഭുതകരമായി രക്ഷപ്പെട്ടു. അന്ന് വൈകുന്നേരം നാലു മണിയോടെ തന്നെ പാതാർ തോട്ടിലെ വെള്ളം കലങ്ങിയിരുന്നു. ഇതിൽ പന്തികേട് തോന്നിയതോടെ തോടിന് സമീപത്തെ വീടുകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടയിൽ അയൽവാസിയായ മാവുങ്കൽ ഷെരീഫിന്റെ പുതിയ കാർ മുറ്റത്ത് കിടന്നിരുന്നു. ഷെരിഫിന്റെ മകൻ കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങിയതോടെ കാർ തനിയെ പുറകോട്ട് നീങ്ങി. ഇത് കണ്ട് താൻ കാറിന്റെ അടുത്തേക്ക് ഓടി കാർ സുരക്ഷിതമാക്കി. ഇതിനിടയിൽ മലവെള്ളം ഇരച്ചു വരുകയായിരുന്നു. കഴുത്തോളം വെള്ളത്തിലായ തനിക്ക് ഒരുവിധം കരക്ക് കയറി എതിർ ഭാഗത്തേക്ക് ഓടാൻ കഴിഞ്ഞതുകൊണ്ടാണ് മരണത്തിൽ നിന്നും രക്ഷപ്പെടാനായതെന്ന് നസീർ പറഞ്ഞു.
പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയതോടെ മരുമകളെയും പേരക്കുട്ടിയേയും എടുത്ത് ഓടി രക്ഷപ്പെടാൻ തുടങ്ങുന്നതിനിടയിൽ പേരക്കുട്ടി താഴെ വീണു. കുട്ടിയെ എടുത്തപ്പോഴേക്കും വെള്ളം തലയോളം ഉയർന്നു. ഒരു വിധം വാതിലിലൂടെ പുറത്തു കടക്കാനും എതിർ ഭാഗത്തെ കുന്നിലേക്ക് ഓടി കയറാനും സാധിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് എൽസമ്മ പറഞ്ഞു.