കോടാലി: പ്രതിഫലമില്ലാതെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് മൂന്നുമുറിയിലെ ഓട്ടോ ഡ്രൈവർ ഏലിയാസ് മാതൃകയാകുന്നു. ഏതു പാതിരാത്രിയിലും ഓടിയെത്തുന്ന ഏലിയാസ് തന്റെ ഓട്ടോടാക്സിയിൽ രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തും.
ഇതുവരെ 32 കോവിഡ് രോഗികളെയാണ് ഏലിയാസ് ആശുപത്രികളിലെത്തിച്ചത്. ഇന്നലെയും ഒരാളെ ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചു. നിർധന കുടുംബത്തിലെ രോഗികളാണെങ്കിൽ ഏലിയാസ് അവരിൽ നിന്ന് വാടക വാങ്ങില്ല.
ഏതാനും മാസം മുന്‍പ് ഭാര്യക്ക് കോവിഡ് വന്നപ്പോഴുണ്ടായ അനുഭവമാണ് കോവിഡ് രോഗികളെ സഹായിക്കാൻ ഏലിയാസിനു പ്രചോദനമായത്. അന്ന് ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാൻ ഏറെ പ്രയാസപ്പെട്ടു.
മറ്റാർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവരുതെന്ന് ആഗ്രഹത്താലാണ് ഏലിയാസ് തന്റെ ഓട്ടോ കോവിഡ് ആംബുലൻസാക്കി മാറ്റിയത്.
പിപിഇ കിറ്റ് അടക്കമുള്ള മുൻകരുതൽ വസ്തുക്കൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ചാണ് ഏതു സമയത്തും സഹായത്തിനായി ഓടിയെത്തുന്നത്.
രോഗികളെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല ആവശ്യമായ മറ്റു സഹായങ്ങൾ എത്തിച്ചുനൽകാനും ഏലിയാസ് എപ്പോഴും തയ്യാറാണ്. അപകടങ്ങളിൽ പെടുന്നവരേയും ഇയാൾ ഓടിയെത്തി ആശുപത്രിയിലെത്തിക്കാറുണ്ട്്.
ഏലിയാസിന്റെ മാതൃകാസേവനം കണക്കിലെടുത്ത് കോണ്‍ഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റി ഏല്യാസിനെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ ഉപഹാരം നൽകി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ എം.കുമാർ എന്നിവർ പങ്കെടുത്തു.